കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4 പേരെ രക്ഷപ്പെടുത്തി. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ(26), ഭർത്താവ് പ്രീജിത്ത്(32) എന്നിവരാണ് മരിച്ചത്. യുവതിയെ പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. അവർ കാറിന് മുൻ സീറ്റിൽ ഇരുന്നവരാണ്. പിന്നിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്ന് നാട്ടുകാർ പറയുന്നു. ഫ്രണ്ട് സീറ്റിലെ ഡോർ ലോക്ക് ആയിരുന്നതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല എന്നാണ് നാട്ടുകാർ പറയുന്നത്. എങ്ങനെയാണ് തീ പിടിച്ചത് എന്നതിൽ അവ്യക്തത തുടരുന്നു. പൊലീസും ഫയർ ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.