ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പില്‍ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വി.എൻ. വാസവൻ. പരിപാടിക്കായി നാല് കോടി രൂപ സ്പോണ്‍സർഷിപ്പ് വഴി ലഭിച്ചുവെന്നാണ് അറിയുന്നതെന്നും ഇതിന്റെ കൃത്യമായ കണക്കുകള്‍ പറയേണ്ടത് ദേവസ്വം ബോർഡാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം പൊളിക്കാൻ യുഡിഎഫ് ബോധപൂർവ്വം ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണൻ പോറ്റിയെക്കൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തിച്ചത്. എന്നാല്‍ ആ നീക്കം 'ചക്കിന് വെച്ചത് കൊക്കിന് കൊണ്ട' അവസ്ഥയിലായി. അയ്യപ്പ സംഗമം നടന്നതുകൊണ്ടാണ് പഴയ സ്വർണക്കൊള്ള പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ യുഡിഎഫിന് തന്നെ തിരിച്ചടിയായി (ബൂമറാങ്). മുമ്പ് നടന്ന പല തിരിമറികളും ഇതിലൂടെ വെളിച്ചത്തു കൊണ്ടുവരാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു എന്നത് കേസ് അവസാനിച്ചു എന്നർത്ഥമില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നീക്കങ്ങളില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവരുമ്പോള്‍ പലർക്കും നിലപാട് മാറ്റേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.














































































