ആഗോള അയ്യപ്പ സംഗമം - ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വിട്ട് ദേവസ്വം ബോർഡ്. നന്ദഗോവിന്ദം ഭജൻസ് വന്നില്ല, പകരം പരിപാടി ഇഷാന് ദേവിൻ്റേത്. ആഗോള അയ്യപ്പ സംഗമം ധൂർത്തെന്ന പ്രചാരണം തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ സത്യവിരുദ്ധമാണെന്നും ഇത്തരത്തിൽ വ്യാജ പ്രചാര9ണം നടത്തുന്നത് ഖേദകരമാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ചെലവായത് 6 കോടി 33 ലക്ഷം. ബാധ്യത മൂന്നു കോടി 45 ലക്ഷം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചെന്ന പരാമർശം റിപ്പോർട്ടിൽ ഇല്ല.
സംഗമത്തിൽ പരിപാടി അവതരിപ്പിക്കാൻ നന്ദഗോവിന്ദം ഭജൻസിനെ സമീപിച്ചെങ്കിലും അവർക്ക് മറ്റുപരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ അസൗകര്യം അറിയിച്ചു.
പകരം വന്നത് ഇഷാന് ദേവാണെന്നും ബോർഡ് വിശദീകരിക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ 25ലധികം കലാകാരന്മാരും 10ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്കാരമാണ് സംഘം അവതരിപ്പിച്ചത്.
വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് ചെലവായത്.
നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിന്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണ്. അങ്ങനെ തുക നൽകിയിരുന്നുവെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്.
തുക പോയത് ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണ്.
ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ഇല്ല. അങ്ങനെ ഒരു വാർത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണ്.
പരിപാടി കഴിഞ്ഞതിന് ശേഷം അംഗീകരിക്കാവുന്ന ചെലവുകൾ സംബന്ധിച്ച് 04-11-2025-ന് ദേവസ്വം കമ്മീഷണർ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കാനായി ഒരു എസ്റ്റിമേറ്റ് തുക സ്പെഷ്യൽ കമ്മീഷണർക്ക് നൽകിയിരുന്നു. അതിലെ Part K എന്ന തലക്കെട്ടിൽ "Furniture and Miscellaneous Items for Existing Office Complex and Guest House" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 3,83,439 രൂപ വകയിരുത്തിയതാണ്.
ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്ന വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചതന്നും ബോർഡ് വിശദീകരിച്ചു.













































































