ചക്കയെ ഒരു ഗ്ലോബല്‍ ബ്രാൻഡാക്കി മാറ്റി മുന്നേറുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് 'വയനാടൻസ്' പറയുന്നത്. 'വയനാടൻസ്' എന്ന ബ്രാൻഡ് നെയിമില്‍ ഒരു പുതിയ കാർഷിക സംസ്കാരത്തിനും ഭക്ഷ്യ സംസ്കാരത്തിനും തുടക്കം കുറിച്ചിരിക്കുകയാണ് ഈ യുവ എൻജിനിയർമാർ.
പഠനശേഷം ഒന്നിച്ചൊരു ബിസിനസ് തുടങ്ങുക എന്ന ലക്ഷ്യത്തില്‍ നിന്നാണ് സഹോദരങ്ങളായ ജിതിൻകാന്തും നിതിൻകാന്തും സുഹൃത്തുക്കളും ചേർന്ന് 2016ല്‍ ഓറാക്സിസ് എന്ന ഐടി സ്ഥാപനത്തിന് തുടക്കം കുറിച്ചത്. വെബ് ഡെവലപ്മെന്റ്, ഓണ്‍ലൈൻ മാർക്കറ്റിങ്, ബ്രാൻഡിങ്, സോഷ്യല്‍ മീഡിയ മാർക്കറ്റിങ് സേവനങ്ങളുമായി ഐടി മേഖലയില്‍ മികച്ച തുടക്കം. പിന്നീട് സുഹൃത്ത് സംഘത്തിനിടയില്‍ ഉരുത്തിരിഞ്ഞ ചർച്ചകള്‍ക്കിടയിലാണ് വാക്വം ഫ്രൈഡ് സ്നാക്സ് എന്ന ആശയം ആദ്യമായി മുന്നിലെത്തുന്നത്.
വിപണിയില്‍ ലഭ്യമാകുന്ന എല്ലാ സ്നാക്സുകളിലും എണ്ണയുടെ അളവ് കൂടുതലാണ്. ഇതിനെക്കുറിച്ച് നടന്ന സൗഹൃദസംഭാഷണങ്ങളില്‍ നിന്നാണ് ഒരു ഹെല്‍ത്തി സ്നാക്സ് ബിസിനസില്‍ ഫോക്കസ് ചെയ്യുകയെന്ന ആശയത്തിലേക്കെത്തുന്നത്. എണ്ണയുടെ അളവു കുറച്ച് പ്രിസർവേറ്റീവ്സ് ചേർക്കാതെ സ്നാക്സ് ഉണ്ടാക്കുക, അതിന്റെ ഷെല്‍ഫ് ലൈഫ് എങ്ങനെ കൂട്ടാം മുതലായ മേഖലയിലേക്കും ചർച്ചകള്‍ നീണ്ടു.
എണ്ണ 180 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിച്ച് ഇത്തരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ചിപ്സുകള്‍ക്ക് കാര്യമായ പോഷകഗുണമുണ്ടാകില്ല. മാത്രമല്ല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ വാക്വം ഫ്രൈ ചെയ്യുമ്പോള്‍ എണ്ണയുടെ അളവ് ഗണ്യമായി കുറയുക മാത്രമല്ല, പോഷകഗുണങ്ങള്‍ നഷ്ടമാകുന്നുമില്ല. ഇത് മനസിലാക്കിയാണ് ചക്ക ചിപ്സ് തയാറാക്കുന്നതിന് വാക്വം ഫ്രൈ സാങ്കേതികവിദ്യ ഉപയോഗിച്ചുകൂടെയെന്ന ചിന്ത ഉരുത്തിരിയുന്നത്.