പെരുമ്പാവൂരിൽ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഓഫീസ് ഒഴിഞ്ഞുകൊടുക്കാൻ നിർബന്ധിതനായി എംഎൽഎ എൽദോസ് കുന്നപ്പിള്ളി.
അധ്യക്ഷയാകുമെന്ന് കരുതിയ വനിതാ കൗൺസിലറുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിട്ടത്തിലാണ് എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്നത്.
ഒരു മാസം മുമ്പാണ് ഈ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. നിലവിൽ കെട്ടിടത്തിലെ ബോർഡുകൾ മാറ്റുകയും ഫ്യൂസ് ഊരുകയും ചെയ്‌ത നിലയിലാണ്. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് ഈ കെട്ടിടം. ഭാര്യയ്ക്ക് അധ്യക്ഷ പദവി ലഭിക്കാതിരുന്നതോടെ കെട്ടിടം ഒഴിയണമെന്ന് കൗൺസിലറുടെ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു. ഇന്നുതന്നെ മറ്റൊരു കെട്ടിടത്തിലേക്ക് എംഎൽഎ ഓഫീസ് മാറ്റുമെന്ന് ജീവനക്കാർ അറിയിച്ചു. രാവിലെ പതിനൊന്നരയോടെയാണ് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മൂന്ന് വനിതകളാണ് അധ്യക്ഷ പദവിക്കായി രംഗത്തുണ്ടായിരുന്നത്. ഡിസിസി ഇടപെട്ട് വോട്ടെടുപ്പ് നടത്തിയാണ് പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്സണെ തീരുമാനിച്ചത്. സംഗീത കെ.എസ് ആണ് ചെയർപേഴ്‌സണായി ചുമതലയേറ്റത്.















































































