ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേർക്കുന്നതിന്റെ ~ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പാസ്പോർട്ടിൽ രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ നിയോജകമണ്ഡലത്തിലെ / വാർഡിലെ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ) അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളിൽ അതത് സെക്രട്ടറിമാരും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ citizen registration നടത്തണം. 'Pravasi Addition' കോളം ക്ലിക് ചെയ്ത് ലോഗിൻ ചെയ്യണം. അപേക്ഷകന്റെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നൽകി എല്ലാ കോളങ്ങളും പൂരിപ്പിക്കണം. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയാകണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ പൗരനായിരിക്കണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പ് രേഖപ്പെടുത്തി നിലവിലെ പാസ്പോർട്ടിലുള്ള താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആർ.ഒയ്ക്ക് നേരിട്ടോ രജിസ്ട്രേഡ് തപാൽ മുഖേനയോ അപേക്ഷിക്കണം. കഴിവതും വെള്ള പശ്ചാത്തലത്തിൽ അപേക്ഷകന്റെ മുഖം വ്യക്തമായി കാണത്തക്കവിധം ഉള്ള ഫോട്ടോ അപേക്ഷയുടെ നിശ്ചിതസ്ഥാനത്ത് പതിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ മുഖേനെ അയക്കുകയാണെങ്കിൽ അപേക്ഷകന്റെ വിസ മുദ്രണം ചെയ്‌തതുൾപ്പെടെയുള്ളതും പാസ്പോർട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ നേരിട്ട് ഇ.ആർ.ഒയ്ക്ക് സമർപ്പിക്കുകയാണെങ്കിൽ പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളുടെ ശരിപകർപ്പ് ഉള്ളടക്കം ചെയ്യുന്നതോടൊപ്പം അസൽ പാസ്പോർട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഹാജരാക്കണം. പേരു ചേർത്ത പ്രവാസികൾ പോളിങ് സ്റ്റേഷനിൽ പാസ്പോർട്ട് സഹിതം ഹാജരായി വോട്ട് രേഖപ്പെടുത്താം.