കോട്ടയം:ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നാമത്തിൽ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ പുരോഗമിക്കുന്നു.
ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് കൈത്താങ്ങ് നൽകുന്നതിനായി കത്തീഡ്രലിൻ്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയം സേവകാ സംഘത്തിന്റെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി ആദ്യഘട്ടമായി 1.5 കോടി രൂപ ചിലവിൽ 8 പാർപ്പിടങ്ങൾ ആണ് ഇപ്പോൾ നിർമിച്ച് നൽകുന്നത്.
ഉപഭോക്താവിന് കാലങ്ങളോളം സമുച്ചയത്തിൽ താമസിക്കുവാനും, കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തിലേക്ക് ഉയരുമ്പോൾ പാർപ്പിടം തിരികെ പള്ളിയിലേക്ക് നൽകി മറ്റ് അർഹരായവർക്ക് കൈമാറാവുന്ന രീതിയിൽ ആണ് പാർപ്പിട സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ന് മണർകാട് കത്തീഡ്രലിൽ നടക്കുന്ന ക്രിസ്തുമസ് പ്രോഗ്രാമിൽ വെച്ച് ബഹുമാനപ്പെട്ട തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിക്കുന്നത് ആണ്.












































































