കൊച്ചി: ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സ്വര്‍ണക്കവര്‍ച്ചയിലെ ആശങ്കകള്‍ അടിസ്ഥാനമുളളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പാളികള്‍ മാറിയെന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആശങ്കകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ പ്രയോഗരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടെന്നും സ്വര്‍ണക്കവര്‍ച്ചയ്ക്കായി എടുത്ത തീരുമാനത്തിന്റെ കണ്ണികള്‍ തിരിച്ചറിഞ്ഞെന്നും കോടതി പറഞ്ഞു. സ്വര്‍ണക്കവര്‍ച്ചയുടെ സാങ്കേതിക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. എസ്‌ഐടിയുടെ അന്വേഷണം തൃപ്തികരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ഉരുക്കിയ സ്വര്‍ണം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഎസ്‌എസിലെ ശാസ്ത്രജ്ഞരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണം. ഇത് കണ്ടെത്തിയ തെളിവുകളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ മനസിലാക്കിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ എസ്‌ഐടി ഇതുവരെ രേഖപ്പെടുത്തിയത് 202 സാക്ഷിമൊഴികളാണ്. 16 പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. പ്രതികളില്‍ ചിലരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തുക്കള്‍ കണ്ടെത്താന്‍ പരിശോധന നടക്കുകയാണെന്നും എസ്‌ഐടി വ്യക്തമാക്കി.
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാളികളിലെ സ്വര്‍ണത്തില്‍ വ്യത്യാസം കണ്ടെത്തി. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞുവെന്നാണ് വിഎസ്‌എസ്‌സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വര്‍ണം കുറവാണെന്ന് കണ്ടെത്തി. 1998 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെയെത്തിച്ച പാളികളിലെ സ്വര്‍ണക്കുറവ് കണ്ടെത്തിയത്.














































































