ഭാവി വികസനത്തിന്റെ ദിശാനിർണയത്തില്‍ പ്രധാന ഘടകമായി 'വിഷൻ 2031' സെമിനാർ മാറുമെന്ന് തൊഴില്‍- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ ഭാവി വികസനകാഴ്ച്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി കേശവൻ സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലും നൈപുണ്യവികസനവുമെന്ന മേഖല ഭാവിയില്‍ എങ്ങനെയായിരിക്കണമെന്നാണ് പ്രധാന ചർച്ച. ഭാവി കേരളത്തിനായുള്ള നിർദേശങ്ങള്‍ ക്രോഡീകരിച്ച് തുടർ പരിപാടികള്‍ക്ക് രൂപം നല്‍കും. ഒക്ടോബർ 30 നാണ് പരിപാടി. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍- നൈപുണ്യവികസന മേഖലയില്‍ സർക്കാരിന്റെ വിവിധ നടപടികളും മുന്നോട്ടുള്ള ദിശയും വ്യക്തമായി പ്രതിപാദിക്കും. സാമൂഹിക - സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനായി, തൊഴില്‍ സാധ്യതകളുടെ വൈവിധ്യം, സ്റ്റാർട്ടപ്പ് സൗഹൃദ പരിസരം, പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള തൊഴില്‍ അവസരങ്ങള്‍, ഡിജിറ്റല്‍ നൈപുണ്യങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സംവിധാനങ്ങള്‍ തുടങ്ങിയവ ചർച്ചയില്‍ കൊണ്ടുവരും. തൊഴില്‍വികസനത്തിൻറെ അടുത്ത കാലഘട്ടം "പുതിയ നൈപുണ്യങ്ങളുടെ കാലഘട്ടം" ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 251 അംഗ പൊതു സംഘാടക സമിതിക്ക് രൂപം നല്‍കി. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ചെയർമാൻ. മന്ത്രിമാരായ കെ എൻ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്കുമാർ എന്നിവർ രക്ഷാധികാരികള്‍. ജില്ലയിലെ എല്ലാ എംഎല്‍എമാരും എംപിമാരും മുൻ മന്ത്രിമാരും വൈസ് ചെയർ പേഴ്സണ്‍മാരാണ്. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ബോർഡ് ചെയർപേഴ്സണ്‍ എസ്. ജയമോഹനാണ് ജനറല്‍ കണ്‍വീനർ. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡെപ്യൂട്ടി മേയർ, എല്ലാ തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെയും ചെയർപേഴ്സണ്‍മാർ,ട്രേഡ് യൂണിയൻ പ്രതിനിധികള്‍, സർവീസ് സംഘടന പ്രതിനിധികള്‍, സാംസ്കാരിക മേഖലയിലെ പ്രമുഖർ, വ്യാപാരി വ്യവസായി ഭാരവാഹികള്‍ തുടങ്ങിയവരെയും ഉള്‍പ്പെടുത്തിയാണ് വിപുലമായ സംഘടക സമിതി രൂപീകരിച്ചത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ അധ്യക്ഷനായി. ജില്ലാ കലക്ടർ എൻ. ദേവിദാസ്, ഡെപ്യൂട്ടി മേയർ എസ് ജയൻ, സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർപേഴ്സണ്‍ എസ്. ജയമോഹൻ, മുൻ മന്ത്രി ജെ. മേഴ്സികുട്ടിയമ്മ, കേരള ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വെല്‍ഫെയർ ഫണ്ട് ബോർഡ് ചെയർപേഴ്സണ്‍ കെ. രാജഗോപാല്‍, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ സുഭഗൻ തുടങ്ങിയവർ പങ്കെടുത്തു.