ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ, നിലപാടിൽ അയവ് വരുത്തി വിദ്യാഭ്യാസമന്ത്രി. ജോസ് കെ മാണിയുടെ ഇടപെടൽ ആണ് ഞാൻ ഇവിടെ എത്താൻ കാരണം എന്ന് മന്ത്രി. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് അരമനയിൽ എത്തി മന്ത്രി കൂടികാഴ്ച നടത്തി. ഈ മാസം 13 ന് മാനേജുമെൻ്റുകളുമായി വിഷയം ചർച്ച നടത്തുമെന്നദ്ദേഹം അറിയിച്ചു.

ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ സർക്കാരും ക്രൈസ്തവ മാനേജ്മെൻ്റുകളും തമ്മിൽ ഏതാനും നാളുകളായി അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ സന്ദർശനം. എൻ എസ് എസ് മാനേജ്മെൻ്റ് സുപ്രീം കോടതിയിൽ നിന്നും നേടിയെടുത്ത അനുകൂല വിധി തങ്ങൾക്കും ബാധകമാക്കണമെന്ന ക്രൈസ്തവ മാനേജ്മെൻ്റുകളുടെ നിലപാടിനെതിരെ വിദ്യാഭ്യാസ മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മാനേജ്മെൻ്റുകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലത്ത് പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഉച്ച കഴിഞ്ഞ് ജോസ് കെ മാണി എം പിക്കും, ജോബ് മൈക്കിൾ എംഎൽഎക്കുമൊപ്പമാണ് മന്ത്രി ചങ്ങനാശ്ശേരി അരമനയിൽ എത്തി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനെ സന്ദർപിച്ചത്. സന്ദർശനം സൗഹാർദ്ദപരമായിരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു.
ഭിന്നശേഷി നിയമന വിഷയത്തിൽ പൊതു സമൂഹത്തിൻ്റെ ആശങ്ക ദൂരീകരിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. തിങ്കളാഴ്ച മാനേജ്മെൻ്റുകളുമായി സർക്കാർ ചർച്ച നടത്തും. സന്ദർശനം അര മണിക്കൂർ നീണ്ടു.