2023 ൽ നിർബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെയും തിരഞ്ഞെടുത്ത് ന്യൂയോർക്ക് ടൈംസ്. പട്ടികയിൽ പതിമൂന്നാമത് ആയാണ് ന്യൂയോർക്ക് ടൈംസ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അതിമനോഹരമായ കടൽത്തീരങ്ങളാലും, കായലുകളാലും, രുചികരമായ ഭക്ഷണങ്ങളാലും, സാംസ്കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. വൈക്കത്തഷ്ടമി ഉത്സവത്തെക്കുറിച്ചും, സർക്കാരിൻറെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയെ കുറിച്ചും ന്യൂയോർക്ക് ടൈംസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം.
