ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലിൽ 50 സെന്‍റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്. വിജിലൻസ് എടുത്ത കേസിൽ പതിനാറാം പ്രതിയാണ് മാത്യു കുഴൽനാടൻ. ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഭൂമി കേസിൽ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലെ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ വർഷം ആദ്യം ആണ് ഇഡി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തത്. സ്ഥലത്തിന്‍റെ മുൻ ഉടമ ഉൾപ്പടെ മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു. വിജിലന്‍സ് എടുത്ത കേസിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്.














































































