വയനാട്: വയനാട് ഫണ്ട് തട്ടിപ്പില്‍ യൂത്ത് കോൺഗ്രസിനെതിരെ പൊതുജനതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് കാട്ടാക്കട സ്വദേശി ഷഹീര്‍. ജനങ്ങളെ കബളിപ്പിച്ച് ദുരിതാശ്വാസ ഫണ്ട് തട്ടിച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഷഹീര്‍ കാട്ടാക്കട പൊലീസിനും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കാന്‍ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പണപ്പിരിവിലെ ക്രമക്കേട് അന്വേഷിക്കണെമന്ന് ആവശ്യപ്പെട്ടാണ് കാട്ടാക്കട സ്വദേശി ഷഹീര്‍ രംഗത്തെിയിരിക്കുന്നത്. കാട്ടാക്കടയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിരിയാണി ചലഞ്ചും പായസ ചലഞ്ചും നടത്തിയിരുന്നു. ഈ പണം കാട്ടാക്കട നിയോജകമണ്ഡലം ഭാരവാഹികള്‍ വെട്ടിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാതിപ്പെട്ടിരുന്നു.
കെപിസിസി നേതൃത്വത്തിനും രാഹുല്‍ മാങ്കൂട്ടത്തലിനും നല്‍കിയ പരാതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്‍ ഷഹീറിന്റെ ആവശ്യം. പൊതുജനതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് ഷഹീര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ടി അനീഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍, കാട്ടാക്കട നിയോജകമണ്ഡലം സെക്രട്ടറി അനന്തസുബ്രഹ്മണ്യം, നിയോജകമണ്ഡലം പ്രസിഡന്റ് ഡാനിയല്‍ പാപ്പനം എന്നിവര്‍ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.