ആറ്റിങ്ങല്‍: ഓണവരവോടെ മലയാളികളുടെ അടുക്കളയിൽ രുചിയുള്ള വിഭവങ്ങള്‍ തയ്യാറാക്കാനും, വിളമ്പാനും വീണ്ടും മണ്‍ചട്ടികള്‍ കടന്നുവരുന്നു. നോണ്‍സ്റ്റിക് പാത്രങ്ങളിലെ പാചകം നിരവധി രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതായുള്ള പഠന റിപ്പോർട്ടുകളും മണ്‍ചട്ടിയിലേക്ക് വീട്ടമ്മമാരെ അടുപ്പിക്കുന്നു. അലുമിനിയവും, സ്റ്റീലിലുമുള്ള പാത്രങ്ങള്‍ക്ക് പുറമെ നോണ്‍സ്റ്റിക്ക് പാത്രങ്ങളും ഗ്യാസ് അടുപ്പുകളില്‍ ഇടംതേടി.
വിറകടുപ്പില്‍ മണ്‍ചട്ടിയില്‍ തയ്യാറാക്കുന്ന മീനടക്കമുള്ള കറികള്‍ക്ക്, മറ്റ് പാത്രങ്ങളില്‍ തയ്യാറാക്കുമ്പോൾ അത്ര രുചി കിട്ടാറില്ല. ഇതോടെ വീണ്ടും കളിമണ്‍ പാത്രങ്ങള്‍ ലക്ഷ്വറി സാധങ്ങളായി മാറി. ഡൈനിംഗ് ടേബിളില്‍ മീനും,പച്ചടി,അവിയല്‍ തുടങ്ങിയ കറികള്‍ പാചകം ചെയ്യുന്നതും, പകർന്ന് വയ്ക്കുന്നതും ആഡംബര മണ്‍പാത്രങ്ങളിലാണ്. മണ്‍പാത്രങ്ങള്‍ക്ക് ഡിമാന്റ് വന്നതോടെ കളിമണ്‍പാത്രങ്ങളുടെ നിറത്തിനും മാറ്റം വന്നു. ആലപ്പുഴ മേഖലയില്‍ നിർമ്മിക്കുന്ന കറുത്ത നിറത്തിലുള്ള മണ്‍ചട്ടികള്‍ക്ക് മാർക്കറ്റില്‍ ഇപ്പോള്‍ നല്ല ഡിമാന്റുമുണ്ട്. ഇത് രണ്ട് തവണ ചുടുന്നത് കൊണ്ടാണ് കറുത്തിരിക്കുന്നതെന്ന് നിർമ്മാതാക്കള്‍ പറയുന്നു.

ശ്രദ്ധിക്കാൻ
നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകള്‍ കൊണ്ട് കൊട്ടിനോക്കി ഇതറിയാം. ഉള്‍ഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കിയെടുക്കുക. അടിഭാഗം എല്ലായിടവും ഒരേ കനമാണെന്ന് ഉറപ്പ് വരുത്തുക. നല്ല ചട്ടിയുടെ നിറം കുങ്കുമം/കാവി നിറം ആയിരിക്കും. പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക. ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക.
നോണ്‍സ്റ്റിക് അപകടകാരി
നോണ്‍സ്റ്റിക് പാത്രങ്ങളിലെ കാർബണ്‍, പാചകത്തിനിടെ ഭക്ഷണസാധനങ്ങളില്‍ കലരുന്നു എന്നാണ് പഠന റിപ്പോർട്ടുകള്‍. ഇത് ക്യാൻസർ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകും.
ചട്ടി എങ്ങനെ പരുവപ്പെടുത്താം
നല്ലതുപോലെ കഴുകി ഉണക്കിശേഷം അല്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക. തുടർന്ന് ചെറുതീയില്‍ വേവിക്കുക. തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേണമെങ്കില്‍ അല്പം നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ചേർക്കാം. തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത് എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക. ചട്ടി റെഡി.