തൃശ്ശൂർ: തൃശ്ശൂരിൽ ഗവൺമെന്റ് സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണ സംഭവത്തില്‍ വിചിത്ര വാദവുമായി സ്കൂൾ അധികൃതര്‍. മരപ്പെട്ടി കാരണമാണ് സീലിംഗ് വീണതെന്നാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ വിശദീകരണം. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം. സ്കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സീലിങ് തകര്‍ന്ന് വീണത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. 2023ലാണ് ഓഡിറ്റോറിയം സീലിങ് ചെയ്തത്.
54 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് ഈ ഹാളിലെ സീലിങ്. പത്ത് വർഷങ്ങൾക്ക് മുൻപ് സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ അശാസ്ത്രീയപരമായാണ് കെട്ടിടം നിർമിക്കുന്നത് എന്ന് ആരോപിച്ച് പരാതി നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് മഴ പെയ്ത് സീലിങ് കുതിർന്നപ്പോഴും പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇത് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് സ്കൂൾ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ ആക്ഷേപം ഉയർത്തുന്നു. വാർഡ് മെമ്പറും പഞ്ചായത്ത് അധികാരികളും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.