ആംബുലന്‍സ് മോഷ്ടിച്ച് വിദ്യാര്‍ഥി സംഘം കടന്നു കളഞ്ഞു. കല്ലമ്പലം കുടവൂർ മുസ്‍ലിം ജമാഅത്തിന്റെ ആംബുലൻസാണ് മോഷണം പോയതായി പൊലീസിൽ പരാതി ലഭിച്ചത്. വിദ്യാർഥികൾ ആംബുലൻസ് മോഷ്ടിച്ച് കടന്നുകളയുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വിദ്യാർഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആംബുലൻസ് മോഷണം പോയത്. പിന്നാലെ കുടവൂര്‍ മുസ്‍ലിം ജമാഅത്ത് അധികൃതർ പൊലീസിൽ പരാതി നൽകി. വാഹനം മോഷ്ടിച്ച വിദ്യാർഥികളെ കാണാതായതായി രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആംബുലൻസ് മോഷ്ടിച്ച വിദ്യാർഥികളെ ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞതായും കല്ലമ്പലം പൊലീസ് പറയുന്നു. കാണാതായ വിദ്യാർഥികൾ ആംബുലൻസുമായി മുങ്ങിയിരിക്കുകയാണ്. ഇവർ ആംബുലന്‍സുമായി എങ്ങോട്ടാണു പോയതെന്നതിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. വിദ്യാർഥികളെയും ആംബുലൻസും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.















































































