നാളെ മുതൽ സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററൻ്റുകൾ,ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു ഹെൽത്ത് കാർഡ് നിർബന്ധം. സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. നാളെ മുതൽ കർശന പരിശോധന ഉണ്ടാകും. ഹെൽത്ത് കാർഡിനായി ജീവനക്കാർക്ക് രണ്ടു തവണ സമയം നീട്ടി നൽകിയിരുന്നു. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്.

രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം.