വാഷിംഗ്‌ടൺ: 50 ശതമാനം താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയെ പിന്തുണച്ചും ഡോണൾഡ് ട്രംപിനെ വിമർശിച്ചും മുൻ അമേരിക്കൻ സെനറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുർട് ക്യാംപെൽ. ട്രംപിന്റെ നിലപാട് ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതിസന്ധിയിലാക്കിയെന്നും മോദി ഒരിക്കലും ട്രംപിന് മുൻപിൽ മുട്ടുമടക്കരുതെന്നും കുർട് ക്യാംപെൽ പറഞ്ഞു. സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യക്ക് പിന്തുണയുമായി കുർട് ക്യാംപെൽ രംഗത്തുവന്നത്.
ഇന്ത്യ-യുഎസ് ബന്ധം ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ പ്രതിസന്ധിയിലായി എന്നാണ് കുർട് ക്യാംപെൽ പറയുന്നത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം ഇന്ത്യയുമായിട്ടുള്ളതായിരുന്നു. എന്നാൽ അവയെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്. ട്രംപ് ഇന്ത്യയെയും മോദിയെയും പറ്റി സംസാരിച്ച രീതി, അത് ഇന്ത്യൻ സർക്കാരിനെ ബുദ്ധിമുട്ടിലാക്കി' എന്നാണ് ക്യാംപെൽ പറഞ്ഞത്. മോദി ഒരിക്കലും ട്രംപിന്റെ മുൻപിൽ മുട്ടുമടക്കരുത് എന്നും ക്യാംപെൽ കൂട്ടിച്ചേർത്തു.
ഇതിന് പുറമെ ഇന്ത്യ-റഷ്യ ബന്ധത്തെപ്പറ്റിയും ക്യാംപെൽ അഭിപ്രായപ്പെട്ടു. റഷ്യയുമായുള്ള ബന്ധത്തെച്ചൊല്ലി ഇന്ത്യൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നത് അമേരിക്കയ്ക്ക് ഗുണം ചെയ്യില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയോട് റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പറഞ്ഞാൽ അവർ അത് കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും നിർത്തിവെച്ചിരിക്കുകയാണ് അമേരിക്ക. താരിഫുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ഉണ്ടാകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ഉണ്ടാകില്ലെന്ന് ട്രംപ് മറുപടി പറഞ്ഞതായാണ് അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയ്ക്ക് നേരത്തെ ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതിയ്ക്ക് പുറമെ 25 ശതമാനം നികുതി കൂടി ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തവിൽ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്. റഷ്യയുമായി വ്യാപാരം നടത്തുന്നത് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപ് ഭരണകൂടം വീണ്ടും നികുതി ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ ഇന്ത്യയ്ക്ക് മേൽ പുതിയതായി ചുമത്തിയ അധിക നികുതി പ്രാബല്യത്തിൽ വരും.
മാന്യമല്ലാത്ത, നീതികരിക്കാനാവാത്ത, കാരണമില്ലാത്ത നീക്കം എന്നായിരുന്നു പുതിയതായി അധിക നികുതി ചുമത്തിയതിനെതിരെ ഇന്ത്യയുടെ പ്രതികരണം. രാജ്യ താൽപര്യം സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും പരിഗണിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾ നടത്തിയിരുന്നു. യുഎസിനുള്ള മറുപടിയായി ഈ ചർച്ചകൾ വിലയിരുത്തപ്പെട്ടിരുന്നു. പുടിൻ ഡിസംബറോടെ ഇന്ത്യ സന്ദർശിക്കുമെന്നാണ് സൂചന.