വ്യായാമം ചെയ്യാത്ത, പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ഒരാളെയാണ് സാധാരണയായി ഹാര്‍ട്ട് അറ്റാക്ക് വരാന്‍ സാധ്യതയുളള വ്യക്തി എന്ന് നമ്മള്‍ സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ ഇത്തരം ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ചെറുപ്പക്കാര്‍ എന്തുകൊണ്ടാണ് കുഴഞ്ഞുവീണ് മരിക്കുന്നത്? ജിമ്മില്‍ എക്‌സര്‍സൈസ് ചെയ്യുമ്പോഴും, ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും, നൃത്തം ചെയ്തുകൊണ്ടിരിക്കുമ്പോഴും ഒക്കെ കുഴഞ്ഞുവീണ് പലരും മരിക്കുന്നു. ഇതിനൊക്കെ കാരണങ്ങള്‍ പലതാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരുടെ കാര്യത്തില്‍ ഹൃദയാഘാതമുണ്ടാകുന്നതിന് മുന്‍പ് നെഞ്ചുവേദന പോലെയുളള പരമ്പരാഗത ലക്ഷണങ്ങളൊന്നും അല്ല ഉണ്ടാകുന്നതെന്ന് പഠനങ്ങളിലൂടെ കണ്ടുപിടിച്ചുകഴിഞ്ഞു. ആ കാരണങ്ങളെക്കുറിച്ചും ഹൃദയാഘാതത്തിന്റെ പുതിയ ലക്ഷണങ്ങളെക്കുറിച്ചും അറിയാം.
ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് കാരണങ്ങള്‍
അമിതമായി വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുന്നു, ഹൃദയമിടിപ്പ് കൂടുന്നു, പ്രഷര്‍ കൂടുന്നു. അതോടനുബന്ധിച്ച് ഹൃദയാഘാതവും ഹൃദയ സ്തംഭനവും ഉണ്ടാകുന്നു.
അതുപോലെതന്നെയാണ് ഇപ്പോഴത്തെ കാലത്ത് ജോലി സ്ഥലങ്ങളില്‍ ആളുകള്‍ നേരിടുന്ന അമിതമായ വര്‍ക്ക് പ്രഷര്‍. 24 മണിക്കൂര്‍ പോര ഇന്ന് ചെറുപ്പക്കാര്‍ക്ക് ജോലി ചെയ്യാന്‍. അതില്‍ കൂടുതല്‍ സമയം കിട്ടിയാല്‍ കൂടുതല്‍ നന്നായി ജോലി ചെയ്യാം എന്ന് ചിന്തിക്കുന്നവരാണ് പലരും. അതിനുവേണ്ടി ഉറക്കം പോലും വേണ്ടെന്നുവയ്ക്കാന്‍ അവര്‍ തയ്യാറാവുകയാണ്. 8 മണിക്കൂര്‍ ഒരാള്‍ ഉറങ്ങണം. ഉറക്കമാണ് ആരോഗ്യത്തിന് ഏറ്റവും പ്രധാനം. പകലുളള അധ്വാനങ്ങള്‍ക്ക് ശേഷം ശരീരത്തിന് ലഭിക്കുന്ന വിശ്രമമാണ് ഉറക്കം. കഷ്ടിച്ച് നാലും അഞ്ചും മണിക്കൂര്‍ ഉറങ്ങിയിട്ട് വീണ്ടും ജോലി സ്ഥലത്തേക്ക് മടങ്ങുകയാണ് യുവതീയുവാക്കള്‍. അതുകൊണ്ടുതന്നെ സ്‌ട്രെസും ഉറക്കക്കുറവും ഒക്കെത്തന്നെയാണ് ചെറുപ്പക്കാര്‍ കുഴഞ്ഞുവീണ് മരിക്കാനുളള പ്രധാന കാരണം.
ചെറുപ്പക്കാരില്‍ ഹൃദയാഘാതത്തിന് മുന്‍പുളള ലക്ഷണങ്ങള്‍
ചെറുപ്പക്കാരില്‍ പുതിയ തരത്തിലുള്ള അറ്റാക്കിനോ ഹൃദയസ്തംഭനത്തിനോ മരണത്തിനോ മുന്‍പുളള ലക്ഷണങ്ങള്‍ കാണിക്കുന്നല്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ മുംബെയിലെ കെഇഎം ഹോസ്പിറ്റലിലെ പതോളജിസ്റ്റ് ഡോ. പ്രദീപ് വൈദ്യേശ്വര്‍ 2018 മുതല്‍ 2024 വരെ നടത്തിയ ഓട്ടോപ്‌സി പരിശോധനകളെക്കുറിച്ച് പഠിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. 20നും 40 വയസിനിടയില്‍ ഉള്ള ധാരാളം പേരുടെ കേസുകള്‍ ആ ഓട്ടോപ്‌സി പഠനത്തില്‍ ഉണ്ടായിരുന്നു.
അവര്‍ എങ്ങനെയാണ് മരിച്ചത് എന്നുള്ളതിനെക്കുറിച്ചായിരുന്നു പഠനം. അവരുടെയൊക്കെ മാതാപിതാക്കള്‍ പറയുന്നത് ആഴ്ചകള്‍ക്കും ദിവസങ്ങള്‍ക്കും മുന്‍പ് അകാരണമായ ക്ഷീണം, തളര്‍ച്ച, ഉറക്കം, ശേഷിക്കുറവ് , ശരീരത്തിന്റെ ത്രാണി നഷ്ടപ്പെടുന്നു ഇവയെല്ലാമാണ് അവര്‍ കണ്ട ലക്ഷണങ്ങളെന്നാണ്. ഒരു ശ്വാസംമുട്ടല്‍ പോലും ആര്‍ക്കും ഉണ്ടായിട്ടുമില്ല. നെഞ്ചുവേദന വന്നാലേ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകൂ എന്ന ധാരണ മാറ്റേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
പ്രായമായവരിലെ ഹൃദയാഘാതവും നെഞ്ചുവേദനയും
പ്രായമായവരില്‍ ഹൃദയാഘാതത്തിന്റെ അടിസ്ഥാന ലക്ഷണമായി കണക്കാക്കുന്നത് നെഞ്ചുവേദനയാണ്. നെഞ്ച് പിരിഞ്ഞ് മുറുകുന്നത് പോലെയോ, നെഞ്ചില്‍ ആരോ കയറി ഇരിക്കുന്നപോലെയോ നെഞ്ച് പൊട്ടുന്നതുപോലെയോ ഉള്ള വേദന. കൊറോണറി ധമനികള്‍ക്ക് ബ്ലോക്ക് ഉണ്ടായി പേശികളിലേക്കുള്ള രക്ത സഞ്ചാരം തടസപ്പെട്ട് ഹൃദയ പേശികള്‍ ഒന്നൊന്നായി പ്രാണവായുവും പോഷകങ്ങളും ലഭിക്കാതെ ചത്തൊടുങ്ങുന്ന അവസ്ഥയിലാണ് ഇതുപോലുള്ള വേദനയുണ്ടാകുന്നത്.