കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പരോക്ഷ പിന്തുണയുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കണ്ണൂര്‍ പയ്യന്നൂരിലെ കാരയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കാരയിലെ സഖാക്കള്‍' എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. കാരയിലെ സഖാക്കള്‍ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകളുണ്ട്.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ കുഞ്ഞികൃഷ്ണൻ ആരോപണങ്ങളുന്നയിച്ചിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം.
പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ നിന്നും തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും പണം തട്ടിയെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തത്. കണക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ മനസിലാക്കാൻ സാധിച്ചത്. അത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. യഥാർത്ഥ വരവ് കണക്കിൽ പൂർണമായും ഉൾപ്പെടുത്തിയിട്ടില്ല. രണ്ട് വീട് നിർമാണത്തിന് ചെലവായ സംഖ്യയല്ല, അതിനേക്കാളുപരി ചെലവഴിച്ചുവെന്ന് കണക്ക് അവതരിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.
വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് വി കുഞ്ഞികൃഷ്ണൻ ഇപ്പോഴുളളതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ടി ഐ മധുസൂദനൻ എംഎൽഎയെ കുഞ്ഞികൃഷ്ണൻ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎൽഎയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാൽ വിഷയം പാർട്ടിക്കുള്ളിൽ വലിയ കോളിളക്കമാണ് തീർത്തത്. കുഞ്ഞികൃഷ്ണനെ വിമർശിച്ച് ഒരു വിഭാഗം രംഗത്തുവന്നപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുവന്നിരുന്നു.














































































