കൊച്ചി: കോതമംഗലത്തെ 23 കാരി സോന എൽദോസിന്റെ ആത്മഹത്യയിൽ പ്രതി റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകിയുള്ള പീഡന വകുപ്പ് ചുമത്തി പൊലീസ്. നേരത്തെ ആത്മഹത്യാ പ്രേരണാ കുറ്റവും ശാരീരിക ഉപദ്രവത്തിന്റെ വകുപ്പും ചുമത്തിയിരുന്നു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. റമീസിന്റെ കുടുംബത്തിനെതിരെയും ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തും.
റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്. താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിലുണ്ട്. റമീസിന്റെ വീട്ടുകാരെയും ഉടൻ പ്രതി ചേർക്കും. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോനയെ റമീസ് തൻറെ പാനായിക്കുളത്തെ വീട്ടിലെത്തിച്ചത്. മതം മാറണമെന്ന് റമീസ് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ ക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് പറയുന്നു. സോനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. തന്നെ റമീസ് മർദ്ദിച്ചതും മതം മാറാൻ നിർബന്ധിച്ചതുമെല്ലാം റമീസിൻറെ ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിലായിരുന്നുവെന്ന് കുറിപ്പിൽ വ്യക്തമാണ്. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ സോനയെ കഴിഞ്ഞയാഴ്ച മുഴുവൻ റമീസ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.