കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി. 26 പേർ അടങ്ങുന്ന സംഘമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. കർഷകർ പുലർച്ചെ മൂന്നരയോടെയാണ് തിരിച്ചെത്തിയത്. സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനായി 26 പേർ അടങ്ങുന്ന സംഘത്തെ ഈ മാസം 12നാണ് ഇസ്രായേലിലേക്ക് അയച്ചത്. അതിനിടെ സംഘത്തിലെ 27 കർഷകരിൽ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജുവിനെ വെള്ളിയാഴ്ച കാണാതായി. 17-ാം തീയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു.

ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണാതായത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു. സി.സി.ടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാൾ ബോധപൂർവം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് വ്യക്തമാക്കിയിരുന്നു. താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യക്ക് മെസേജ് അയച്ചിട്ടുണ്ട്. ബിജു കുര്യൻ തെറ്റിദ്ധരിപ്പിച്ചതിൽ കുടുംബം ക്ഷമ ചോദിച്ചുവെന്നും, ഇയാൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.