കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം ഒൻപതു നിയമസഭാ മണ്ഡലങ്ങളായി ആകെ 1498824 വോട്ടർമാരാണുള്ളത്. ഇതിൽ 730005 പുരുഷൻമാരും 768805 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 14 പേരും ഉൾപ്പെടുന്നു. 3124 പേർ പ്രവാസി വോട്ടർമാരാണ്. 18-19 പ്രായവിഭാഗത്തിലുള്ള 12750 പേരും 85 വയസിനു മുകളിലുള്ള 17906 പേരുമുണ്ട്. 1624 പേർ സർവീസ് വോട്ടർമാരാണ്. വോട്ടർ പട്ടികയിൽ ഇനിയും പേരു ചേർക്കാൻ മാർച്ച് 23 വരെ അവസരമുണ്ട്.
ആകെ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.
85 വയസിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കുമായി വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുന്ന അസന്നിഹിത(ആബ്സൻറീ വോട്ടർ)സംവിധാനവും ഉണ്ട്. ഇതിനുള്ള ഫോം ബൂത്തുതലത്തിൽ വിതരണം ആരംഭിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് മാർച്ച് 19നകം ഫോം പൂരിപ്പിച്ചു നൽകണം.
പോളിംഗ് ജോലിക്ക് ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സജീവമായി പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കായി ജില്ലയിൽ 15000 ജീവനക്കാരെയാണ് നിയോഗിക്കുക. ഇതിൽ 8605 പേർ പോളിംഗ് ജോലികളും 6500 പേർഅനുബന്ധ ജോലികളുമാണ് നിർവഹിക്കുക. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ ആകെ 2239 ബാലറ്റ് യൂണിറ്റുകളും അത്രയും തന്നെ കൺട്രോൾ യൂണിറ്റുകളും 2412 വിവിപാറ്റ് യൂണിറ്റുകളുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ മാർച്ച് 19ന് നടക്കും. എല്ലാ മണ്ഡലങ്ങളുടെയും വരണാധികാരികളുടെയും ഉപവരാണാധികാരികളുടെയും കാര്യാലയങ്ങളിൽ നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് 18 ആന്റി ഡീഫേസ്മെൻറ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു.
നിരീക്ഷണത്തിനായി 27 വീതം ഫ്ളയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളും 18 വീഡിയോ സർവൈലൻസ് ടീമുകളുമുണ്ട്. ചെലവു നിരീക്ഷണത്തിനായി ഒൻപത് സ്‌ക്വാഡുകളെയും ഫീൽഡിൽനിന്ന് എടുക്കുന്ന വീഡിയോകൾ പരിശോധിക്കുന്നതിനായി ഒൻപത് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 17 നോഡൽ ഓഫീസർമാരെയും അവർക്കു കീഴിൽ ജീവനക്കാരെയും നിയോഗിച്ചു. ഇതിനു പുറമെ വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമുള്ള വിവിധ യോഗങ്ങൾ നടന്നുവരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഇന്നലെ നടന്നു.
കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലേക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകമായി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ജില്ലയിലേക്ക് മൂന്ന് ചെലവ് നിരീക്ഷകകരും ഒരു പോലീസ് നിരീക്ഷകനുമുണ്ട്. ചെലവു നിരീക്ഷകർ മൂന്നു പേർ ഇന്ന് ജില്ലയിൽ എത്തിച്ചേരും.
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മാധ്യമങ്ങളിലെ പരസ്യങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ചെയർമാനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റി(എം.സി.എം.സി) പ്രവർത്തിക്കുന്നു. മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി എംസിഎംസിക്കു കീഴിൽ പ്രത്യേക നിരീക്ഷണവിഭാഗം 24 മണിക്കൂറുമുണ്ട്.
വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) വിവിധ പരിപാടികൾ സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളുമുണ്ട്.
ഓരോ നിയോജകമണ്ഡലത്തിലും ഓരോ ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കുന്ന സ്ത്രീ സൗഹൃദ ബൂത്തുകളായിരിക്കും. ഹരിതചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ ബൂത്തുകളുടെയും പ്രവർത്തനം.
പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ഒൻപത് കേന്ദ്രങ്ങളും വോട്ടെണ്ണലിന് അഞ്ചു കേന്ദ്രങ്ങളുമാണ് സജ്ജീകരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതുജനങ്ങൾക്ക് മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് സിവിജിൽ ആപ് മുഖേന പരാതി നൽകാം.
ക്രമസമാധാനം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു. ആകെ 4889 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുന്നത്. ജില്ലയിൽ എല്ലാ മേഖലകളിലും പോലീസ് പരിശോധനകൾ നടക്കുന്നുണ്ട്. ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയും ജില്ലയിൽ വിന്യസിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.











































































