സിലിഗുരി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വികസന വിരുദ്ധയാണെന്ന വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ വികസനത്തിന്റ സ്പീഡ് ബ്രേക്കറാണ് മമതയെന്ന് മോദി കുറ്റപ്പെടുത്തി. 'പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ട്, 'ദീദി' എന്ന പേരില്‍ നിങ്ങള്‍ക്ക് അറിയാവുന്നൊരാളാണത്. ഈ 'ദീദി' നിങ്ങളുടെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണ്'- മോദി പറഞ്ഞു.
കേന്ദ്ര ആരോഗ്യ പദ്ധതിയായ 'ആയുഷ്മാന്‍ ഭാരത്' ഉപേക്ഷിച്ച മമത ബാനര്‍ജിയെ മോദി കടന്നാക്രമിച്ചു. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ നല്കുന്ന പദ്ധതി 'സ്പീഡ് ബ്രേക്കര്‍' ദീദി എന്തു ചെയ്തു? പാവപ്പെട്ടവര്‍ക്ക് പ്രയോജനകരമായ പദ്ധതി അവര്‍ തകര്‍ത്തു. വടക്കന്‍ ബംഗാളിലെ സിലിഗുരിയില്‍ ബിജെപിയുടെ ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ചിട്ടി ഫണ്ട് കേസുകളിലും സംസ്ഥാനത്തെ വികസന നയങ്ങളിലും മമത ബാനര്‍ജിയെയും സര്‍ക്കാറിനെയും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ വികസനത്തിന് വഴിയൊരുക്കാന്‍ മമത ബാനര്‍ജി തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മോദിക്കുള്ള മറുപടി ഉടന്‍ തരാമെന്ന് മമതയും തിരിച്ചടിച്ചു.