എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്ന് രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ വലിയൊരുവിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്ന ആശങ്ക പങ്കുവെച്ചാണ് മോഡി പ്രസംഗം ആരംഭിച്ചത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് നിരോധിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്നും ആ തീരുമാനം മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നരേന്ദ്രമോഡി പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികരെ പ്രധാനമന്ത്രി അനുസ്മരിച്ചു.
രാജ്യത്തെല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കും. അടിസ്ഥാന സൗകര്യവികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.















































































