കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നീര്‍മ്മാണ ക്രമക്കേടില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ അറസ്റ്റ് ചെയ്തു. സൂരജടക്കം നാലു പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്.
മേല്‍പ്പാലം അഴിമതിക്കേസില്‍ ടി ഒ സൂരജിനെ കഴിഞ്ഞ ദിവസം മൂന്നു മണിക്കൂര്‍ നേരം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ചോദ്യം ചെയ്യലിനു ശേഷം സൂരജിന്റെ പ്രതികരണം. 90 ശതമാനം നടപടികള്‍ നടക്കുമ്പോഴും താന്‍ ചുമതലയിലുണ്ടായിരുന്നില്ല. പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആരും ബോധപൂര്‍വം ചെയ്തതാണെന്ന് കരുതുന്നില്ല. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും ടി. ഒ സൂരജ് പറഞ്ഞിരുന്നു.