ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
'ഇന്ന് 22 ലക്ഷം സര്‍ക്കാര്‍ പോസ്റ്റുകളാണ് ഒഴിവ് ഉള്ളത്. ഈ ഒഴിവുകള്‍ 2020 മാര്‍ച്ച് 31 ഓടെ ഞങ്ങള്‍ നികത്തും. ആരോഗ്യ പരിരക്ഷക്കും വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈമാറും. ഒഴിവ് വരുന്ന പോസ്റ്റുകളിലെല്ലാം നിയമനം നടത്തും.' രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.
മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് തൊഴിലില്ലായ്മ വലിയ രീതിയില്‍ വര്‍ധിച്ചെന്നുള്ള വിമര്‍ശനത്തിന്റെ ചുവട് പിടിച്ചാണ് രാഹുലിന്റെ തൊഴില്‍ വാഗ്ദാനം. പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം, പുതിയ സംരംഭകര്‍ക്ക് ബിസിനസ് എളുപ്പത്തില്‍ തുടങ്ങാന്‍ നികുതിയിളവുമടക്കമുള്ള പദ്ധതികളും രാഹുല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.