ആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന കാര്യം സ്ഥീരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് പരിഭ്രാന്തിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് കഴിയുമോ എന്ന് ചോദിച്ച ചെന്നിത്തല പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു.
ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് തൂത്തുവാരും. കേരളം കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാണ് വയനാട്ടില്‍ തന്നെ രാഹുല്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതോടെ തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസിനെ വന്‍ വിജയത്തിലേക്ക് നയിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. കേരളത്തിലെ യുഡിഎഫിനും ഘടകക്ഷികള്‍ക്കും വലിയ ആശ്വാസവും സന്തോഷവുമാണ്. വലിയ മാറ്റം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയും. വയനാടും കേരളവും ദേശീയ ശ്രദ്ധയിലേക്ക് വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.