കോട്ടയം: ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് മെയ് 31 (ഞായർ) കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
രാവിലെ 11 മണി മുതൽ നഗരത്തിലേക്ക് ചരക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ഉച്ചയ്ക്ക് 1 മണി മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ മറ്റ് വാഹനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും വിവിധ ഭാഗങ്ങളിൽ റൂട്ട് മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാന റൂട്ട് മാറ്റങ്ങൾ:
* നാട്ടകത്ത് നിന്ന് മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ സിമന്റ് കവലയിൽ നിന്ന് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറത്തൂട്ടി, ചാലുകുന്ന് വഴി യാത്ര ചെയ്യണം.
* നാട്ടകത്ത് നിന്ന് കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകുന്നവർ മണിപ്പുഴ ജംഗ്ഷനിൽ നിന്ന് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
* തിരുവാതുക്കലിൽ നിന്ന് കുമരകത്തേക്ക് പോകുന്ന വാഹനങ്ങൾ ഇല്ലിക്കൽ വഴി യാത്ര ചെയ്യേണ്ടതാണ്.
* കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് മണർകാട്, പാമ്പാടി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷൻ, കൊല്ലാട്, ദേവലോകം, കഞ്ഞിക്കുഴി ജംഗ്ഷൻ വഴി പോകണം.
* നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്ന് മണർകാട്, പുതുപ്പള്ളി, കൊല്ലാട് ഭാഗങ്ങളിലേക്ക് പോകുന്നവർ സിയേഴ്സ് ജംഗ്ഷൻ, മംഗളം ജംഗ്ഷൻ, വട്ടമൂട് പാലം, കഞ്ഞിക്കുഴി ജംഗ്ഷൻ വഴി യാത്ര ചെയ്യണം.
* മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്ന് ദേവലോകം, കൊല്ലാട്, മണിപ്പുഴ ജംഗ്ഷൻ വഴി തിരിച്ചുവിടും.
* മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ പട്ടിത്താനം ജംഗ്ഷനിൽ നിന്ന് ഏറ്റുമാനൂർ–മണർകാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകണം.
* മണർകാടിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വാഹനങ്ങൾ ഏറ്റുമാനൂർ–മണർകാട് ബൈപ്പാസ്, പൂവത്തുംമൂട് ജംഗ്ഷൻ, സംക്രാന്തി വഴി യാത്ര ചെയ്യണം.
* മണർകാടിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പോകുന്നവർ ഏറ്റുമാനൂർ–മണർകാട് ബൈപ്പാസ്, പേരൂർ വഴി പോകണം.
* മെഡിക്കൽ കോളേജിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ കുടയംപടി, ചാലുകുന്ന്, അറത്തൂട്ടി ജംഗ്ഷൻ, തിരുവാതുക്കൽ, പാറേച്ചാൽ ബൈപ്പാസ് വഴി തിരിച്ചുവിടും.
മെയ് 31-ന് കോട്ടയം നഗരത്തിലേക്ക് യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണങ്ങൾ മുൻകൂട്ടി മനസ്സിലാക്കി യാത്രാസമയം ക്രമീകരിക്കണമെന്നും, പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.









































































