സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും പ്രഖ്യാപിച്ച വിലവർധന ഇന്ന് മുതൽ നിലവിൽ വന്നു. പാലിന് ലീറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചത്.
വിലവർധനയിൽ നിന്ന് ലഭിക്കുന്ന അധിക തുകയിൽ 3.35 രൂപ (83.75 ശതമാനം) ക്ഷീരകർഷകർക്കും 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കുമെന്ന് മിൽമ അറിയിച്ചു.
വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും നിലവിൽ വിപണിയിലുള്ള പാൽ കവറുകളിൽ പഴയ വില തന്നെയായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക. പുതുക്കിയ വില അച്ചടിച്ച കവറുകൾ വിപണിയിലെത്താൻ ഏകദേശം ഒരു മാസം വരെ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ക്ഷീരകർഷകരിൽ നിന്ന് സംഭരിക്കുന്ന ഒരു ലീറ്റർ പാലിന് മിൽമ നൽകുന്ന വില 43.39 രൂപയായി ഉയരും. ഇതുവരെ ഒരു ലീറ്റർ പാലിന് 40.04 രൂപയായിരുന്നു നൽകിക്കൊണ്ടിരുന്നത്.
ക്ഷീരകർഷകരുടെ ഉൽപാദനച്ചെലവ് വർധിച്ചതും മേഖല നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും പരിഗണിച്ചാണ് വിലവർധന നടപ്പാക്കിയതെന്നാണ് മിൽമയുടെ വിശദീകരണം.









































































