മോസ്കോ∙ വിമതനീക്കത്തെത്തുടർന്ന് ഭരണം നഷ്ടപ്പെട്ടു റഷ്യയിൽ അഭയം തേടിയ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ കൊലപ്പെടുത്താൻ ശ്രമം നടന്നെന്നു റിപ്പോർട്ട്. അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം നടന്നതായി റഷ്യയുടെ മുൻ ചാരന്റെ എക്സ് അക്കൗണ്ടായ ജനറൽ എസ്‌വിആർ ആരോപിച്ചു. ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടർന്ന് അദ്ദേഹം ചികിത്സ തേടിയെന്നും അക്കൗണ്ടിൽ പറയുന്നു. നിലവിൽ റഷ്യയിലെ അപ്പാർട്മെന്റിൽ ചികിത്സയിലാണ് അസദ്. പരിശോധനകളിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നെന്നു കണ്ടെത്തിയെന്നും ജനറൽ എസ്‌വിആർ പറയുന്നു. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിട്ടുണ്ട്. അതേസമയം ഇക്കാര്യത്തിൽ റഷ്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.