ലണ്ടൻ ∙ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു. മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രി യാത്ര തുടർന്നു.ലണ്ടൻ പൊലീസ് നോക്കിനിൽക്കെ, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കർ കാറിൽ കയറാൻ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു. ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‍പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പൊലീസ് ശ്രമിച്ചത്. ഏതാനും നിമിഷത്തിനു ശേഷം മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയി.കേന്ദ്രമന്ത്രിക്കു നേരെയുണ്ടായ ആക്രമണശ്രമത്തിൽ ഇന്ത്യ ആശങ്കയിലാണ്. ഖലിസ്ഥാൻവാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വിഡിയോ പുറത്തുവന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ലണ്ടൻ പൊലീസ് നിസ്സംഗരായി നിന്നെന്നു വിമർശനമുയർന്നു. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണു ജയശങ്കർ. യുകെയിൽനിന്നു അദ്ദേഹം അയർലൻഡിലേക്കു പോകും.