ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു വൈകിട്ട് 6ന് അവസാനിക്കും. മറ്റന്നാളാണ് തിരഞ്ഞെടുപ്പ്. ഇന്നു വൈകിട്ട് 6 മുതൽ നിശബ്ദ പ്രചാരണമാണ്. അവസാന 48 മണിക്കൂറിൽ നിയമ വിരുദ്ധമായി കൂട്ടം കൂടുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
വാശിയേറിയ പ്രചാരണത്തിൽ മുന്നണികളിലെ പ്രധാനപ്പെട്ട നേതാക്കൾ എല്ലാം സജീവമാണ്. ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്ര–സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഡൽഹിയിൽ 67 ശതമാനം മധ്യവർഗ കുടുംബങ്ങളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇന്നലെ ആർകെ പുരത്ത് ഉൾപ്പെടെ ബിജെപി 51 പ്രചാരണ പരിപാടികളും റാലികളും സംഘടിപ്പിച്ചിരുന്നു. ഇന്നും പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കോൺഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഇന്നലെ സീമാപുരിയിൽ ഉൾപ്പെടെ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടികളുണ്ടായിരുന്നു.
രാജിവച്ച എംഎൽഎമാർ ബിജെപി സ്ഥാനാർഥികൾക്കായി പ്രചാരണത്തിൽ സജീവമാകുമ്പോൾ പാർട്ടിയുടെ വോട്ടുകൾ നഷ്ടമാകുമോ എന്ന ആശങ്കയാണ് എഎപിക്ക്. എഎപിയുടെ പ്രചാരണത്തിന് ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നേതൃത്വം നൽകുന്നു. തിരഞ്ഞെടുപ്പ് ദിനത്തിൽ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കേരളത്തിൽനിന്നുള്ള നേതാക്കളും സജീവമാണ്. ഇന്നലെ ബിജെപിക്കായി മയൂർവിഹാർ ഫേസ് 1, ദിൽഷാദ് ഗാർഡൻ എന്നിവിടങ്ങളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പാലം മണ്ഡലത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും പ്രചാരണത്തിന്റെ ഭാഗമായി. കോൺഗ്രസിനായി ഷാഫി പറമ്പിൽ എംപി കസ്തൂർബാ നഗറിൽ ഇന്നലെ പ്രചാരണത്തിനെത്തി.