ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനം നാളെ വിധിയെഴുതും. പരസ്പരം ആരോപണങ്ങൾ തൊടുത്തും വാഗ്ദാനങ്ങൾ ആവർത്തിച്ചും എഎപി, ബിജെപി, കോൺഗ്രസ് കക്ഷികളും ചെറുപാർട്ടികളും ഡൽഹിയിൽ പ്രചാരണം പൂർത്തിയാക്കി.ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം തിരിച്ചറിഞ്ഞ ബിജെപി ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. ''ചേരിപ്രദേശങ്ങളിലും മറ്റും താമസിക്കുന്ന വോട്ടർമാരെ ബിജെപി പ്രവർത്തകർ തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ചേരികളെല്ലാം ഇടിച്ചു നിരത്തും. ബിജെപിക്കു വോട്ട് നൽകുന്നതും മരണവാറന്റിൽ ഒപ്പുവയ്ക്കുന്നതും ഒരുപോലെയാണ്. എന്തെല്ലാം ഗൂഢാലോചനകൾ നടത്തിയാലും ഡൽഹിയിൽ എഎപി ചരിത്ര വിജയം ആവർത്തിക്കും. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കള്ളക്കളികൾ കണ്ടെത്താൻ വോട്ടർമാർക്കിടയിൽ വ്യാപകമായി സ്പൈ ക്യാമറ വിതരണം ചെയ്തിട്ടുണ്ട്.'' – കേജ്‌രിവാൾ വ്യക്തമാക്കി.ബിജെപി ഭരിക്കുന്ന ഡബിൾ എൻജിൻ സർക്കാരുകളുള്ള സംസ്ഥാനങ്ങളിലെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണത്തിന്റെ അവസാന ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കളത്തിലിറങ്ങിയത്. ''ഡൽഹിയെ കൊള്ളയടിക്കുന്ന കാര്യത്തിൽ കേജ്‌രിവാളും മനീഷ് സിസോദിയയും ചേട്ടൻ ബാവയും അനിയൻ ബാവയുമാണ്. കേന്ദ്ര സർക്കാരുമായി നിരന്തരം തമ്മിലടിച്ച് കേജ്‌രിവാളും സംഘവും വികസനക്കുതിപ്പുകൾക്കു തുരങ്കം വച്ചു. ജനങ്ങളോട് നിരന്തരം നുണപറയുന്ന കേജ്‌രിവാൾ പകരം നൽകുന്നത് മാലിന്യക്കൂമ്പാരവും മാലിന്യം കലർന്ന വെള്ളവും അഴിമതിയുമാണ്. ഡൽഹിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുന്ന ഏക പാർട്ടി ബിജെപി മാത്രമാണ്.'' – അമിത് ഷാ അവകാശപ്പെട്ടു.
ഷീല ദീക്ഷിത് ഭരണകാലത്ത് ഡൽഹി നേടിയെടുത്ത തിളക്കങ്ങളെല്ലാം എഎപി കെടുത്തിയെന്നു ഡൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് ആരോപിച്ചു. മാലിന്യം കലർന്ന വെള്ളമുൾപ്പെടെ പൊതുസേവന രംഗത്ത് എഎപി കുറ്റകരമായ വീഴ്ചവരുത്തി. ഷീല ദീക്ഷിത് നിർമിച്ചെടുത്ത ഡൽഹിയെ വീണ്ടെടുക്കാനുള്ള അവസരമായി ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കാണണമെന്നും യാദവ് പറഞ്ഞു.