പുണെ ∙ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിന്റെ വാലറ്റക്കാർ പുറത്തെടുത്ത പോരാട്ടവീര്യം പോലും കേരളത്തിന്റെ മുൻനിര ബാറ്റർമാർക്ക് കാഴ്ചവയ്ക്കാനായില്ല. ജമ്മു കശ്മീരിന്റെ വാലറ്റക്കാർ ചേർന്ന് 9, 10 വിക്കറ്റുകളിലായി 70 റൺസ് കൂട്ടിച്ചേർത്ത മത്സരത്തിൽ, തൊട്ടുപിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വെറും 11 റൺസിനിടെ നഷ്ടമായത് 3 മുൻനിര വിക്കറ്റുകൾ. പിരിയാത്ത നാലാം വിക്കറ്റിൽ അക്ഷയ് ചന്ദ്രൻ – ജലജ് സക്സേന സഖ്യം ചെറുത്തുനിന്നതോടെ, രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 17 ഓവറിൽ മൂന്നിന് 43 റൺസ് എന്ന നിലയിലാണ് കേരളം. അക്ഷയ് 14 റൺസോടെയും ജലജ് 23 റൺസോടെയും ക്രീസിൽ. ഏഴു വിക്കറ്റ് കയ്യിലിരിക്കെ എതിരാളികളേക്കാൾ 239 റൺസ് പിന്നിലാണ് കേരളം.ഓപ്പണർ രോഹൻ കുന്നുമ്മൽ (രണ്ടു പന്തിൽ ഒന്ന്), ഷോൺ റോജർ (അഞ്ച് പന്തിൽ പൂജ്യം), ക്യാപ്റ്റൻ സച്ചിൻ ബേബി (15 പന്തിൽ രണ്ട്) എന്നിവരാണ് കേരള നിരയിൽ പുറത്തായത്. കേരളത്തിന് ആദ്യ രണ്ടു വിക്കറ്റുകൾ നഷ്ടമാകുമ്പോൾ സ്കോർ ബോർഡിലുണ്ടായിരുന്നത് വെറും ഒരു റൺ മാത്രമാണ്. മൂന്നു വിക്കറ്റുകൾ നഷ്ടമായ ശേഷം ക്രീസിൽ ഒരുമിച്ച അക്ഷയ് – ജലജ് സഖ്യം ഇതുവരെ 52 പന്തിൽ 30 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.57 പന്തുകൾ നേരിട്ട അക്ഷയ് ചന്ദ്രൻ രണ്ടു ഫോറുകൾ സഹിതമാണ് 14 റൺസെടുത്തത്. ജലജ് സക്സേന 23 പന്തിൽ രണ്ടു സിക്സറുകൾ സഹിതം 23 റൺസുമെടുത്തു. കേരളത്തിന് നഷ്ടമായ മൂന്നു വിക്കറ്റുകളും പേസ് ബോളർ അക്വിബ് നബി സ്വന്തമാക്കി. ഏഴ് ഓവറിൽ മൂന്ന് മെയ്ഡൻ സഹിതം 14 റൺസ് വഴങ്ങിയാണ് അക്വിബ് മൂന്നു വിക്കറ്റെടുത്തത്. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിങ്സ് ലീഡ് കണക്കിലെടുക്കുമെന്നതിനാൽ, കേരളത്തിന്റെ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് നിർണായകമാണ്. വാലറ്റത്ത് അവസാന രണ്ടു വിക്കറ്റിൽ ജമ്മു കശ്മീർ കൂട്ടിച്ചേർത്ത 70 റൺസ് കേരളത്തെ ബാധിക്കുമോ എന്നും കണ്ടറിയേണ്ടി വരും.