മുംബൈ ∙ ആയിരം രൂപ ഫീസ് കുടിശിക അടയ്ക്കാൻ വൈകിയതിന് അഞ്ചു വയസ്സുകാരനായ വിദ്യാർഥിയെ പിടിച്ചുവച്ച പ്രിൻസിപ്പലിനും കോ–ഓർഡിനേറ്റർക്കും എതിരെ കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ സീവുഡ്സ് സെക്ടർ 42ലെ സ്വകാര്യ സ്കൂളിലെ അധ്യാപകർക്കെതിരെയാണു നടപടി.
''സ്കൂൾ സമയം കഴിഞ്ഞ് മകനെ കൂട്ടാൻ ചെന്നപ്പോൾ മറ്റു കുട്ടികൾക്കൊപ്പം കണ്ടില്ല. ക്ലാസ് ടീച്ചറോട് ചോദിച്ചപ്പോൾ മാനേജ്മെന്റിനോടു സംസാരിക്കാൻ നിർദേശിക്കുകയായിരുന്നു. ഫീസ് മുഴുവൻ അടയ്ക്കാത്തവരെ ഡേ–കെയറിൽ ഇരുത്തുകയാണ് രീതിയെന്നു പ്രിൻസിപ്പൽ അറിയിച്ചു. ആയിരം രൂപ ഉടൻ അടച്ചു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു. അധികൃതർ തയാറാകാതെ വന്നതോടെ സ്ഥലം എംഎൽഎ മന്ദാ മാത്രയെ വിവരം അറിയിച്ചു. അവർ പൊലീസിൽ പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു – കുട്ടിയുടെ അച്ഛൻ പറഞ്ഞു.28ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ മകനെ ക്ലാസിൽ കയറ്റാതെ ഡേ–കെയർ മുറിയിൽ ഇരുത്തിയെന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പരാതിക്കാരൻ പറഞ്ഞു.