ബെംഗളൂരു ∙ വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവിനു ബന്ധമുണ്ടെന്ന ഭാര്യയുടെ സംശയം അവസാനിച്ചത് ക്വട്ടേഷനിൽ. ഭർത്താവിന്റെ കാല് തല്ലിയൊടിക്കാന്‍ അഞ്ചുലക്ഷം രൂപയ്ക്കാണ് യുവതി ക്വട്ടേഷൻ നൽകിയത്. കൽബുറഗിയിലെ ഗാസിപുരിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗസംഘവും ഭാര്യയും പൊലീസ് പിടിയിലായി. ഗാസിപുര്‍ അട്ടാര്‍ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരുക്കേറ്റ വെങ്കടേഷ് ചികിത്സയിലാണ്. ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയാണ് ബ്രഹ്‌മപുര പൊലീസ് അറസ്റ്റുചെയ്തത്. വെങ്കടേശിന്റെ മകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.