ന്യൂഡൽഹി ∙ നിർമിത ബുദ്ധി (എഐ) മേഖലയിൽ ഇന്ത്യയെക്കാൾ 10 വർഷം മുന്നിലാണ് ചൈനയെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എഐയ്ക്കു വേണ്ട ഡേറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് ചൈനയും യുഎസുമാണ്. എഐ എന്നത് തികച്ചും അർഥശൂന്യമായ ഒന്നാണെന്നും ലോക്സഭയിൽ രാഹുൽ പറഞ്ഞു. 'ഇന്ന് എല്ലാവരും സംസാരിക്കുന്നത് എഐയെപ്പറ്റിയാണ്. സത്യത്തിൽ എഐ തികച്ചും അർഥശൂന്യമായ ഒന്നാണ്. ഡേറ്റ ഇല്ലാതെ എഐയ്ക്ക് സ്വന്തമായി ഒന്നും ചെയ്യാൻ സാധ്യമല്ല. എഐ പൂർണമായും പ്രവർത്തിക്കുന്നത് ഡേറ്റയെ അടിസ്ഥാനമാക്കിയാണ്. ഈ ഡേറ്റ നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. മൊബൈൽ ഫോണുകളോ ഇലക്ട്രിക് കാറുകളോ മറ്റേതു തരം ഇലക്ട്രോണിക് ഉപകരണങ്ങളോ ആകട്ടെ ഇവയുടെ എല്ലാം നിർമാണത്തിന് ഉപയോഗിക്കുന്ന ഡേറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് ചൈനയാണ്. ഇത്തരം ഡേറ്റയുടെ ഏറ്റവും വലിയ ഉപയോക്താവ് അമേരിക്കയും. രാജ്യത്തിന്റെ നിർമാണ മേഖല രണ്ടോ മൂന്നോ കമ്പനികളുടെ മാത്രം കുത്തക ആയാണ് നിലനിൽക്കുന്നതെന്നും രാജ്യത്തിന്റെ ബാങ്കിങ് സംവിധാനവും അവരുടെ കൈകളിലേക്ക് ചുരുങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ത്യയുടെ ബാങ്കിങ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത് ചെറുതു മുതൽ വലുത് വരെ ഏത് ബിസിനസ് മേഖലയ്ക്കും ഒരുപോലെ സമീപിക്കാൻ കഴിയുന്ന തരത്തിലാണ്. ദശലക്ഷക്കണക്കിന് സംരഭകരാണ് ഈ മേഖലയിലേക്ക് വരാൻ തയാറായി നിൽക്കുന്നത്. നമ്മുടെ വിദേശനയ രൂപീകരണത്തിലും ഈ സാധുത പ്രയോജനപ്പെടുത്തിയാൽ, അത് വലിയ വിപ്ലവങ്ങൾക്ക് വഴിയൊരുക്കും. യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ അദ്ദേഹം നേരിട്ട് നമ്മുടെ നാട്ടിലേക്ക് എത്തുന്ന സാഹചര്യം വരെയുണ്ടാകും''. രാഹുൽ പറഞ്ഞു.
ചൈനയെ നേരിടാനും ചൈനീസ് ആയുധംഎന്തിനുമേതിനും ചൈനീസ് ഉൽപന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറുമെന്ന് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞു. 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പരാജയപ്പെട്ടതിന്റെ ഫലമായി ഇന്ത്യയിലേക്കുള്ള ചൈനീസ് ഉൽപന്നങ്ങളുടെ കടന്നുകയറ്റം വീണ്ടും വർധിച്ചുവരികയാണ്. ''ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈനീസ് പട്ടാളം സാന്നിധ്യമറിയിച്ചതായി കരസേന മേധാവി തന്നെ പറയുന്നു. ഇത് വളരെ ഗൗരവമായി കാണണം. ഇപ്പോൾ ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈനീസ് സാന്നിധ്യം രൂക്ഷമാകുന്നത് അവരുടെ ഉൽപന്നങ്ങളുടെ രൂപത്തിലാണ്.
ഈ സാഹചര്യത്തിൽ ഒരു ഇന്ത്യ – ചൈന യുദ്ധത്തിന് കളം ഒരുങ്ങിയാൽ തന്നെ അന്ന് നമുക്ക് ഉപയോഗിക്കേണ്ടി വരുന്നത് ചൈനീസ് ഉപകരണങ്ങളായിരിക്കും. 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പരാജയമായതോടെ ഉൽപാദന മേഖലയിൽ നിന്ന് രാജ്യം പിന്നോട്ടു പോകുകയാണ്''. ഈ മേഖലയിലെ വളർച്ചയ്ക്കുള്ള സുവർണാവസരം വീണ്ടും ചൈനയ്ക്ക് മുന്നിൽ അടിയറ വയ്ക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.