ഫലം സൂചിപ്പിക്കും പോലെ അത്ര ഏകപക്ഷീയമായിരുന്നില്ല ഇത്തവണത്തെ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പര. 3–1ന് ഓസ്ട്രേലിയ ജയിച്ചെങ്കിലും ഇന്ത്യയ്ക്കു മേൽ പൂർണ ആധിപത്യം നേടാൻ അവർക്കു സാധിച്ചില്ല. എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കു വിജയം, അല്ലെങ്കിൽ സമനിലയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നു. അവസാന ടെസ്റ്റിൽ ബോ വെബ്സ്റ്റർ എന്ന അരങ്ങേറ്റക്കാരൻ കളിച്ചതു പോലുള്ള ഇന്നിങ്സുകൾ എല്ലാ ടെസ്റ്റിലും ഓസ്ട്രേലിയൻ നിരയിൽ നിന്നുണ്ടായി. സ്കോട് ബോളണ്ട് എന്ന പേസറുടെ മികവും ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ഓൾറൗണ്ട് പ്രകടനവും പ്രശംസ അർഹിക്കുന്നു.പേസർമാർക്കുള്ള പിച്ചായിരുന്നു ഓസ്ട്രേലിയ എല്ലാ മത്സരങ്ങൾക്കും തയാറാക്കിയത്. അത് അവർക്കു തന്നെ പല ഘട്ടത്തിലും തിരിച്ചടിയായി. എന്നാൽ അതു മുതലെടുക്കാൻ ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്രയല്ലാതെ മറ്റൊരു പേസർ ഇല്ലാതെ പോയി. അനുഭവ സമ്പത്തുള്ള ഇന്ത്യൻ ബാറ്റർമാർ അലക്ഷ്യമായി കളിച്ചതും ഓസ്ട്രേലിയയ്ക്ക് ഗുണമായി. ഫീൽഡിങ്ങിൽ ഇന്ത്യൻ താരങ്ങൾ കാണിച്ച അലംഭാവവും നമുക്കു തിരിച്ചടിയായി. നിറഞ്ഞ സ്റ്റേഡിയങ്ങളിലാണ് 5 മത്സരങ്ങളും നടന്നത് എന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.ജസ്പ്രീത് ബുമ്രയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഈ പരമ്പര ഭാവിയിൽ ഓർമിക്കപ്പെടാൻ പോകുന്നത് ബുമ്രയുടെ പേരിലായിരിക്കും. കുറേയേറെ യുവതാരങ്ങൾ ഈ പരമ്പരയിൽ മികവുകാട്ടി എന്നതും ഇന്ത്യയ്ക്ക് ശുഭ സൂചനയാണ്.