സുരഭി എസ്സ് നായര്‍
പുരാതനകാലം മുതലുള്ള അയ്യപ്പ ക്ഷേത്രമാണ് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. പന്തളം കൊട്ടാരവുമായി അഭേദ്യമായ ബന്ധമാണ് ശബരിമലയ്ക്കുള്ളത്. ഓരോ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഭക്തജനലക്ഷങ്ങളാണ് അയ്യനെ ദര്‍ശിക്കാനായി ശബരിമലയിലേക്കൊഴുകിയെത്തുന്നത്. മകരവിളക്ക് മഹോത്സവമാണ് ഇവിടെ പ്രധാനം. ഓരോ അയ്യപ്പ ഭക്തരും മാലയിട്ട് കഠിനവ്രതമെടുത്താണ് അയ്യനെ ദര്‍ശിക്കാനായി ശബരിമലയില്‍ എത്തുന്നത്. 2018 സെപ്റ്റംബര്‍ 28ന് സ്ത്രീകള്‍ക്കനുകൂലമായി ശബരിമല വിഷയത്തില്‍ കോടതിവിധി എത്തി. ഇതിനെത്തുടര്‍ന്ന് വന്‍ നാടകീയ രംഗങ്ങളാണ് ശബരിമലയിലും പരിസര പ്രദേശത്തും അരങ്ങേറിയത്. സെപ്റ്റംബര്‍ 29ന് ഇതുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആചരിച്ചു.

ആദ്യം ഒരു മാധ്യമപ്രവര്‍ത്തകയും വിദേശിയായ സഹപ്രവര്‍ത്തകനും ശബരിമലയില്‍ എത്തി. പ്രതിക്ഷേധക്കാര്‍ ഇവരെ തടയുകയും തിരികെ പോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഇതിനു പിന്നാലെ മേരി ട്വീറ്റിയും കവിതയും ശബരിമലയിലെത്തി തിരികെ പോകേണ്ടി വന്നു. മറ്റൊരു വശത്ത് സ്ത്രീകളടക്കമുള്ളവര്‍ പ്രകടനങ്ങളും പ്രതിക്ഷേധപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. തൃപ്തി ദേശായിയും ദര്‍ശനത്തിനെത്തി എന്നാല്‍ നെടുംമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലെ പ്രതിക്ഷേധങ്ങള്‍ക്കൊടുവില്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് തന്നെ തൃപ്തിയോടെ തന്നെ തിരിച്ചുമടങ്ങേണ്ടി വന്നു. പല സ്ഥലങ്ങളിലും പ്രതിക്ഷേധം അക്രമത്തില്‍ കലാശിച്ചു. ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ ശബരിമലയിലെ ഓരോ പ്രദേശത്തും നാമജപ പ്രതിക്ഷേധം സംഘടിപ്പിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍. രാധാകൃഷ്ണനും സംഘവും സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാര പന്തലിലേക്ക് വേണുഗോപാലന്‍ നായര്‍ എന്നയാള്‍ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണമടഞ്ഞു. മരിച്ചയാള്‍ ബിജെപി അനുഭാവിയാണെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യ ചെയ്തതെന്നും വരുത്തിത്തീര്‍ക്കാന്‍ ബിജെപി നേതാക്കളുടെ ശ്രമം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ബിജെപി ഹര്‍ത്താല്‍ ആചരിച്ചു.

ഇതിനിയെയാണ് മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനീതി സംഘടയുടെ ആഭിമുഖ്യത്തില്‍ 11 പേരടങ്ങുന്ന യുവതീ സംഘം പോലീസിന്റെ സഹായത്തോടുകൂടി ശബരിമലയിലെത്തുന്നത്. കോട്ടയം എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസാണ് യുവതികളെ ശബരിമലയിലെത്തിച്ചത്. എന്നാല്‍ ആ ആസൂത്രിത നീക്കങ്ങളൊക്കെ വെള്ളത്തില്‍ വരച്ച വരപോലായി. എന്നാല്‍ വിഷയം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. ബിന്ദുവും കനകദുര്‍ഗ്ഗയും രംഗപ്രവേശനം നടത്തി. പോലീസ് പണിപെട്ടിട്ടും ദര്‍ശനം നടത്താനാകാതെ പാതി വഴിയില്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നു. ശബരിമലയില്‍ ഇനിയും ദര്‍ശനത്തിനെത്തുമെന്നും പോലീസ് അതിനു സഹായിക്കണമെന്നും ആവശ്യപ്പെടുകയും ഉറപ്പ് വാങ്ങിയതിനുശേഷവുമാണ് ഇരുവരും മലയിറങ്ങിയത്. ഈ സംഭവത്തിനു രണ്ടാഴ്ചയ്ക്ക് ശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് പോലിസിന്റെ സഹായത്തോടെ ഇരുമുടിക്കെട്ടില്ലാതെ മാളികപ്പുറത്തമ്മയുടെ നടയ്ക്ക് സമീപമുള്ള പോലീസും ദേവസ്വം ബോര്‍ഡ് അംഗങ്ങളും മാത്രം പതിനെട്ടാം പടിക്ക് മുകളിലേയ്ക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന രണ്ടടി വീതിയുള്ള വഴിയിലൂടെയാണ് ഇരുട്ടിന്റെ മറവു പിടിച്ച് അയ്യപ്പ ദര്‍ശനത്തിനെത്തിയത്. സ്ത്രീകള്‍ പ്രവേശിച്ച് തിരിച്ച് ഇറങ്ങിയതിനുശേഷമാണ് ഇക്കാര്യം പുറത്തു വിടുന്നത്.

ഇതേത്തുടര്‍ന്ന് കേരളം നിന്നു കത്തുന്ന സ്ഥിതിയിലേക്കാണ് നീങ്ങിയത്. ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം പല സ്ഥലങ്ങളിലും അഴിച്ചുവിട്ടു. അക്രമത്തില്‍ പന്തളം സ്വദേശി ശബരിമലസംരക്ഷണ സമിതി അംഗമായ ചന്ദ്രന്‍ ഉണ്ണിത്താനു പരിക്കേല്‍ക്കുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു. പിറ്റേന്നുണ്ടായ ഹര്‍ത്താലില്‍ പല സ്ഥലങ്ങളിലും അക്രമം അഴിച്ചുവിട്ടു. ബോംബേറിലും വെട്ടിലും കുത്തിലും കലാശിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമങ്ങള്‍ അടങ്ങുന്നതിനു മുന്നേ ശ്രീലങ്കന്‍ യുവതി മലയില്‍ പ്രവേശിച്ചെന്ന വാര്‍ത്ത പരന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് സ്ഥിതീകരിച്ചു. ഈ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ശബരിമല പൂര്‍വ്വ സ്ഥിതിയിലേക്കു തിരിച്ചെത്തി. അവസാനം ഏവരും കാത്തിരുന്ന ആ ദിവ്യമായ മുഹൂര്‍ത്തം വന്നെത്തി. ഭക്തജനലക്ഷങ്ങള്‍ കാത്തിരുന്ന മകരവിളക്ക് മഹോത്സവം. പന്തളത്തുനിന്നും ശബരിമലയിലേയ്ക്ക് കൊണ്ടുപോകുന്ന തിരുവാഭരണം തിരികെ എത്തില്ലെന്നുള്ള ഭീക്ഷണിയും ഇതില്‍ ഉയര്‍ന്നിരുന്നു. അവയെല്ലാം മറികടന്ന് തിരുവാഭരണം മലയിലെത്തി.

തിരുവാഭരണം ചാര്‍ത്തി. സര്‍വ്വ ഐശ്വര്യങ്ങളുടെയും മകരജ്യോതി തെളിഞ്ഞത് കണ്‍നിറയെ കണ്ട് നിര്‍വൃതിയണഞ്ഞ് ഭക്തജനലക്ഷങ്ങളാണ് മലയിറങ്ങിയത്. എന്നാല്‍ അതിനു തൊട്ടുപിന്നാലെ ജനുവരി 22ന് കോടതി പരിഗണിക്കാനിരുന്ന ഹര്‍ജി മാറ്റിവെയ്ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ കണ്ണൂര്‍ സ്വദേശികളായ രേഷ്മയും ഷനിലയും ദര്‍ശനത്തിനായെത്തി. എന്നാല്‍ പ്രതിക്ഷേധക്കാര്‍ തടയുകയും പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കുകയും ചെയ്തു. കഠിന വ്രതമെടുത്ത് കാത്തിരിന്ന പുണ്യദിനങ്ങള്‍ വന്നെത്തുമ്പോള്‍ ഓരോ ഭക്തനും മനസ്സിനും ശരീരത്തിനും കുളിര്‍മ ലഭിക്കുന്നു. ഈ വ്രതാനുഷ്ഠാനകാലത്ത് ചെയ്ത പാപങ്ങള്‍ക്കെല്ലാം മോഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ഭക്തനും. ഈ ഭക്തി നിറവിലും ഓരോ ഭക്തരിലും ആശങ്കയുണര്‍ത്തുന്നത് ഒരു കാര്യത്തില്‍ മാത്രമാണ്, ഇനിയെന്താകും ശബരിമല? കേരളീയര്‍ ആകാംഷയോടെയാണ് ശബരിമല വിഷയത്തെ ഉറ്റുനോക്കുന്നത്. ഒരേയൊരു ചോദ്യം മാത്രം നിലനില്‍ക്കുന്നു ഇനിയെന്താകും ശബരിമല?