സുരഭി എസ്സ് നായര്‍
പ്രേംനസീര്‍ എന്ന ജനപ്രിയ നടന്‍ തിരശ്ശീലയിലേക്ക‌് മറഞ്ഞിട്ട‌് മുപ്പതാണ്ടുകള്‍. 1989 ജനുവരി പതിനാറിനായിരുന്നു നിത്യഹരിത നായകന്റെ ആകസ‌്മികമായ അന്ത്യം.
''പ്രേംനസീര്‍ ഇനി അഭിനയിച്ചില്ലെങ്കിലെന്താ ഇരുട്ടിന്റെ ആത്മാവിലെ വേലായുധനുണ്ടല്ലോ എന്നെന്നും അനുസ്‌മരിക്കാനും അഭിമാനിക്കാനുമായി''- മലയാളത്തിന്റെ നിത്യഹരിത നായകന്‍ പത്മഭൂഷണ്‍ പ്രേംനസീറിനെക്കുറിച്ച് മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വാക്കുകള്‍.

മൂന്നരപതിറ്റാണ്ട് നിത്യസൗന്ദര്യമായി നിറഞ്ഞുനിന്ന ചിറയന്‍കീഴുകാരന്‍ അബ്ദുള്‍ഖാദറെന്ന പ്രേംനസീര്‍, ഇന്നും സിനിമാ ആസ്വാദകരുടെ ഹൃദയം കവര്‍ന്നുകൊണ്ടിരിക്കുന്നു. കോളേജ‌് വിദ്യാഭ്യാസത്തിനുശേഷം ആകസ‌്മികമായാണ‌് അബ്ദുള്‍ഖാദര്‍ 1951ല്‍ മരുമകള്‍ സിനിമയില്‍ രവിയെന്ന കഥാപാത്രത്തിനുവേണ്ടി ചായമിട്ടത‌്.
മലയാളത്തില്‍ 672 ചിത്രങ്ങള്‍. 56 തമിഴ് ചിത്രങ്ങളിലും 21 തെലുഗു ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും ഈ നിത്യവസന്ത നായകന്‍ അഭിനയിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായരാണ‌് നാടകവേദിയില്‍നിന്ന‌് അബ‌്ദുള്‍ ഖാദര്‍ എന്ന നടനെ കണ്ടെത്തിയത‌്. പ്രേംനസീര്‍ എന്ന പേരു നല്‍കിയതും തിക്കുറുശ്ശി തന്നെ.

അടിമകളിലെ പൊട്ടന്‍ രാഘവന്‍, ലൈലാ മജ്നുവിലെ മജ്നു, കാവ്യമേളയിലെ ജയദേവന്‍, അനാര്‍ക്കലിയിലെ സലീം രാജകുമാരന്‍, തുമ്ബോലാര്‍ച്ചയിലെ ആരോമല്‍ ചേകവര്‍, വിടപറയും മുമ്ബേയിലെ മാധവന്‍കുട്ടി, ആലിബാബയും 41 കള്ളന്മാരും എന്ന ചിത്രത്തിലെ ആലിബാബ, അവസാന ചിത്രമായ കടത്തനാടന്‍ അമ്ബാടിയിലെ ആറേക്കാട്ട് അമ്ബാടിതമ്ബാന്‍ തുടങ്ങി അവിസ്‌മരണീയമായ എത്രയോ കഥാപാത്രങ്ങള്‍. കൃത്യനിഷ്‌ഠ, വിനയം, കൂടെ ജോലി ചെയ്യുന്നവരോടുള്ള അളവറ്റ സ‌്നേഹം, പാവപ്പെട്ടവരെ സഹായിക്കാനുള്ള വലിയ മനസ്സ്, ഇതെല്ലാം നസീറിന്റെ ഗുണങ്ങളായിരുന്നു. അഭിനയത്തില്‍ ശരാശരി മാത്രമായിരുന്ന നസീറിനെ ലോകപ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഗുണങ്ങളാണ്, ഇന്നത്തെ കലാകാരന്മാര്‍ നസീറില്‍ നിന്ന് ഒരുപാട് പഠിക്കണം.''

പ്രേംനസീറിന്റെ ആദ്യ ചിത്രത്തിലെ നായിക നെയ്യാറ്റിന്‍കര കോമളമായിരുന്നു. പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത് ഷീല, രണ്ടാംസ്ഥാനം ജയഭാരതി. എന്റെ ജീവിതം എന്ന പുസ‌്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതി. ''എന്റെ ആത്മകഥയില്‍ ഞാന്‍ കടന്നുപോന്ന വഴികളിലെ മുള്ളിനെയും മലരിനെയും നിങ്ങള്‍ക്ക് പഠിക്കാനോ പകര്‍ത്താനോ ഒന്നും കണ്ടെന്നുവരില്ല.'' രാജ്യം ഈ നടനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. വിടപറയും മുമ്ബേ, പാര്‍വതി എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അവാര്‍ഡ് നല്‍കി. ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രമുഖരുടെ ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നും പ്രേംനസീറിനെ ഉള്‍പ്പെടുത്തിയിരുന്നു.

ദരിദ്രരായി എത്തുന്ന എല്ലാവര്‍ക്കും അദ്ദേഹം സഹായങ്ങള്‍ നല്‍കിയിരുന്നു.
പഠിക്കുവാന്‍ പണമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പണം നല്‍കി,
അനാഥാലയങ്ങള്‍ക്ക് സഹായങ്ങള്‍, വായനശാല കെട്ടിടങ്ങള്‍ക്കും
ഉപകരണങ്ങള്‍ക്കും പുസ‌്തകങ്ങള്‍ക്കും ആശുപത്രികള്‍ക്കും പണം നല്‍കി.
ബാല്യവും കൗമാരവും ചെലവിട്ട ചിറയിന്‍കീഴ‌് ശാര്‍ക്കര ദേവീക്ഷേത്രത്തോടുള്ള
സ‌്നേഹം പ്രകടിപ്പിച്ചത‌് ആനയെ നടയിരുത്തിക്കൊണ്ടാണ‌്.