സുരഭി എസ്സ് നായര്‍
കേരളം ഉദ്ധരിക്കാനും നവോത്ഥാനം സംരക്ഷിക്കാനും സ്ത്രീകളുടെ അസമത്വം നടപ്പാക്കാനും മുന്നിട്ടു നില്‍ക്കുന്നവര്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നില്ല. ഓരോ ദിനങ്ങള്‍ പിന്നിടുമ്പോഴും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള സ്ത്രീ സമൂഹം ലൈംഗിക ചൂക്ഷണത്തിനിരയാവുന്നു. സ്വന്തം ഭവനത്തിലും, ജോലി സ്ഥലങ്ങളിലും, പൊതു സമൂഹത്തിലും സ്ത്രീകള്‍ അക്രമത്തിനിരയാകുന്നു. 2007 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 11,325 കേസുകളാണ് സ്ത്രീകളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 5,430 കേസുകളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ്.

കേരള പോലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് 2016 ജനുവരി- ഡിസംബര്‍ വരെയുളള കാലഘട്ടത്തില്‍ 1,656 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ വര്‍ഷവും മുന്നോട്ടുപോകുമ്പോള്‍ കേസുകളുടെ എണ്ണം കൂടി വരികയാണ്. 2017 കാലഘട്ടത്തിലെ കണക്കനുസരിച്ച് 13% സ്ത്രീകളും 31% കുട്ടികളുമാണ് ലൈംഗിക ചൂക്ഷണത്തിന് ഇരയാകുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുട നീളം ധാരാളം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനു ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട് നിര്‍ഭയ, സൗമ്യ, ജിഷ, കിളിരൂര്‍ ശാരി വധക്കേസ്, സൂര്യനെല്ലിക്കേസ് അങ്ങനെ എത്രയോ കേസുകള്‍ നിലനില്‍ക്കുന്നു. ഇത്തരം കേസുകള്‍ നിലനില്‍ക്കുമ്പോളും വിദേശി വനിതകളും കേരളത്തിന്റെ സ്വന്തം നാട്ടിലെത്തി അക്രമത്തിനിരയാകുന്നു.ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്കിരയാകുന്നത് 10 നും 18നും ഇടയിലുള്ള പ്രായപൂര്‍ത്തിയാകാത്ത കൊച്ചുപെണ്‍കുട്ടികളാണ്. ഇത്തരം പ്രശ്‌നങ്ങളുടെ വേരു തേടിപ്പോയാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് മൊബൈല്‍ ഫോണിന്റെ ദുരുപയോഗമാണെന്നാണ്. കൊച്ചുകുട്ടികളുടെ ഇടയില്‍ പോലും അമിതമായ ഫോണിന്റെ ഉപയോഗം, അവ സൗഹൃദങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് പീഢനത്തിലേയ്ക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു.
അത്തരത്തിലുള്ള ഒരു കൊടുംക്രൂരതയാണ് കോട്ടയത്ത് സംഭവിച്ചിരിക്കുന്നത്. സ്വന്തം പിതാവിന്റെ സുഹൃത്തുതന്നെയാണ് പതിനഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ പെണ്‍കുട്ടിയെയും കൂട്ടി പ്രതി ജോലി ചെയ്യുന്ന ഇഷ്ടികക്കളത്തിനു സമീപമുള്ള താമസസ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഇതിനെ തടുക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി, സമീപത്തുള്ള വാഴത്തോട്ടത്തില്‍ കുഴിച്ചുമൂടുകയും ചെയ്തു. മൂന്നു ദിവസങ്ങളായി കുട്ടിയെ കാണാതായതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങുന്നത്.
ഇയാളെപ്പോലുള്ള കൊടും കുറ്റവാളികള്‍ പിടിയിലായാലും എന്ത് ഗുണം ജയിലില്‍ മൃഷ്ടാന ഭേജനവും കഴിച്ച് സുഭിഷമായി ജീവിച്ച് തിരിച്ചിറങ്ങി വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നു. പീഢനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് ഒരര്‍ഥത്തില്‍ എന്ത് നീതിയാണ് ലഭിക്കുന്നത്. ഇത്തരം കാമകേളിയാടുന്നവര്‍ക്ക് സുഭിഷമായ ജീവിതമാണ് ലഭിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്. അത്തരത്തില്‍ കടുത്ത ശിക്ഷാവിധി ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ താരതമ്യേന കുറ്റകൃത്യങ്ങളുടെ അളവില്‍ വന്‍ കുറവ് അനുഭവപ്പെടും.

കേരളത്തിലെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ മുന്നിട്ട് ചില മഹാമ്മാര്‍ ഇറങ്ങിയിട്ടുണ്ടല്ലോ അവരോട് ഒറ്റ ചോദ്യം സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അവര്‍ നേരിടുന്ന ഇത്തരം ലൈംഗിക ചൂക്ഷണങ്ങള്‍ക്ക് അറുതി വരുമോ? സമത്വം ഉറപ്പാക്കാന്‍ തുനിഞ്ഞ് നടക്കുന്നവര്‍ എന്ത് കൊണ്ട് ഇത്തരം കൊടുംക്രൂരതയ്‌ക്കെതിരെ തിരിഞ്ഞു നില്‍ക്കുന്നത്? സ്ത്രീകളുടെ സമത്വം ഉറപ്പാക്കാന്‍ നടക്കുന്നവര്‍ ആദ്യം സ്ത്രീകളുടെ സുരക്ഷിതത്വം ആണ് ഉറപ്പാക്കേണ്ടത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കുവാനും സുരക്ഷിതമായി ജിവിക്കാനുമുള്ള അവസരമാണ് നേടിക്കൊടുക്കേണ്ടത്. ഇത്തരം ക്രൂരതയ്‌ക്കെതിരെ എത്ര സമത്വവാദികള്‍ പ്രതികരിക്കുന്നുണ്ട്? ഇതിനൊക്കെയെതിരെയാണ് പ്രതികരിക്കേണ്ടത്, ഇതിനൊക്കെയെതിരെയാണ് കോടതിയെ സമീപിക്കേണ്ടത്, ഇതിനൊക്കെയെതിരെയാണ് നിലയുറച്ച് നിന്ന് പോരാടേണ്ടത്, അല്ലാതെ സ്ത്രീകളെ ശബരിമലയില്‍ കയറ്റാത്തതിലല്ല പ്രതികരിക്കേണ്ടത്.
കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
മോശമായ രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ ഉടന്‍ വീട്ടില്‍ അറിയിക്കുക അല്ലെങ്കില്‍ മറ്റ് മുതിര്‍ന്നവരെ അറിയിക്കുക.
തനിച്ച് മുറിയില്‍ ഉള്ളപ്പോള്‍ ആരെങ്കിലും മുറിയിലെത്തിയാല്‍ റൂമ് ലോക്ക് ചെയ്യാതിരിക്കുക.
എത്ര ബന്ധുവാണെലും മോശമായ തരത്തിലുള്ള പെരുമാറ്റമുണ്ടായാല്‍ അവരില്‍ നിന്ന് അകലം പാലിക്കുക.
ഇത്തരത്തില്‍ കുട്ടികളുടെ ഇടയിലുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്താം.