സുരഭി എസ്സ് നായര്‍
ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.ഇതില്‍ 50%ത്തിനുമേല്‍ 25 വയസ്സിനു താഴെയും 65%വും 35 വയസ്സിന് താഴെയും ഉള്ളവരാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കേണ്ടത് യുവാക്കളാണ്. യുവതലമുറയിലൂടെയാണ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തേണ്ടത്. യുവാക്കളുടെ ഊര്‍ജ്ജം, ഭാവന, പ്രത്യാശ, സാഹസികത, അഭിലാക്ഷം എന്നിവ പുതു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു. വിവിധ മേഖലകളിലായി യുവതലമുറ അവരുടെ മികവ് കാട്ടുന്നു. വിദ്യാസമ്പന്നരായ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തൊഴിലില്ലായ്മ. തൊഴിലില്ലായ്മയും ആര്‍ഭാട ജീവിതം നയിക്കുവാനുള്ള താല്പര്യവും യുവതലമുറയെ കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കുന്നു. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലാകുന്നത് യുവാക്കളാണ്. കാശുണ്ടാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായി നടക്കുന്ന പുതുതലമുറ. എത്ര പണം കിട്ടിയാലും തികാത്ത അവസ്ഥ. ഇത്തരത്തിലാണ് മോക്ഷണത്തിനും കഞ്ചാവ് കടത്തുന്നതിനും കൊട്ടേഷനുമൊക്കെ പോകുന്നത്.
രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് കഞ്ചാവുമായി ധാരാളം യുവാക്കളെയാണ് വര്‍ഷാ വര്‍ഷം പോലീസ് പിടികൂടുന്നത്. പറയുന്ന സ്ഥലത്ത് കൃത്യമായി സാധനം ഏല്പിച്ചാല് നല്ലൊരു തുക കൈകളിലേയ്ക്കു വരുന്നു. ഇതു തന്നെയാണ് യുവാക്കളെ തീവ്രവാദത്തിലേയ്ക്കും നയിക്കുന്നത്. കോടികണക്കിന് രൂപയാണ് അയാള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഒരു ചാവേര്‍ പിറക്കുമ്പോള്‍ അയാള്‍ക്കുള്ള തുക കൃത്യമായി നല്കുന്നു. താന്‍ സ്വയം എരിഞ്ഞടങ്ങിയാലും തന്നെ സ്നേഹിക്കുന്നവര്‍ സുഖമായി ജിവിക്കട്ടെ എന്ന് ചിന്തിക്കുന്നു. അതല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യുവ തലമുറകളെ പറഞ്ഞ് രാജ്യത്തിനെതിരാക്കിയെടുത്ത് തീവ്രവാദം നടത്തുന്നു. ഇത്തരത്തില്‍ ധാരാളം യുവാക്കളാണ് തീവ്രവാദത്തിലേയ്ക്ക് പോകുന്നത്.
കൊലപാതകവും ബലാത്സംഗവും എന്നുവേണ്ട യുവാക്കള്‍ ഏര്‍പ്പെടാത്ത കുറ്റകൃത്യങ്ങള്‍ സമൂഹത്തിലില്ല. മുന്നും പിന്നും നോക്കാതെയുള്ള എടുത്തു ചാട്ടമാണ് പലരേയും ഇത്തരം കാര്യങ്ങളിലേയ്ക്ക് നയിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞ കുറേ നാളായി എത്രയോ ജീവിതങ്ങളാണ് ഇല്ലാതാകുന്നത്. നിങ്ങള്‍ ഒരിക്കലെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നമുക്കറിയാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും കലാപങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങേറുന്നു. ഇവയ്ക്കൊക്കെ ഇരയാകുന്നത് പാവപ്പെട്ട കുട്ടികളാണ്. പഠിക്കാന്‍ വിട്ടാല്‍ അവയില്‍ നിന്നെല്ലാം വ്യതിചലിച്ച് രാഷ്ട്രീയത്തിലേയ്ക്കും മറ്റ് ബിസ്സിനസ്സുകളിലേയ്ക്കും കുട്ടികള്‍ പോകുന്നു. വാഹനവും ഫോണും കുറച്ച് പണവും നല്കിയാല് കുട്ടികളെ തങ്ങളുടെ വരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് അറിയാം,അത് മുതലെടുത്തുകൊണ്ടാണ് യുവാക്കളെ ഇത്തരം ഹീനകൃത്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത്.
എന്തുകൊണ്ട് ഒരു നേതാവേ അല്ലെങ്കില്‍ അവരുടെ പുത്രന്മാരോ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കോ ഇരയാകുന്നില്ല. മക്കളെ സുരക്ഷിതമായി വിദേശത്തയച്ച് നല്ല വിദ്യാഭ്യാസവും നല്ല ജോലിയും സമ്പാദിച്ച് കൊടുക്കുന്നു. അതേ സമയം പാവപ്പെട്ട വീടുകളിലെ കുട്ടികളെ അക്രമത്തിനു പ്രേരിപ്പിക്കുകയും അതിനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള അക്രമങ്ങള്‍ക്കും ഇരയായവരും ഇരയാക്കപ്പെട്ടവരും നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. അതിന് ഉദാഹരണങ്ങളാണ് ഷുഹൈബ്, ശരത്ലാല്, കൃപേഷ് എന്നിങ്ങനെ വരുന്ന ഒരു വന്‍നിര. രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ച് വിടുമ്പോള്‍ സ്വന്തം ജീവിതത്തെക്കുറിച്ചോ വീടിനേകുറിച്ചോ ഒരിക്കല്‍പ്പോലും ചിന്തിക്കുന്നില്ല. എത്രയോ പ്രതീക്ഷയോടെയാണ് ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ വളര്‍ത്തിക്കൊണ്ട് വരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും ചര്‍ച്ചയായത് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിനെയും കൃപേഷിന്റെ വീടിനെ കുറിച്ചും ആയിരുന്നു. വീടെന്ന് പറയാനാകില്ല ഓലമറച്ച് അതിനുമുകളില്‍ ടാര്‍പോളിന്‍ ഇട്ട ഒറ്റമുറിയുള്ള വീട് അതിലാരുന്നു കൃപേഷിന്റെ ജീവിതം സ്വപ്നങ്ങള്‍ എല്ലാം. കൃപേഷിനെക്കുറിച്ച് വളരെയധികം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് മാതാപിതാക്കള്‍ മനസ്സില്‍ നെയ്തു കൂട്ടിയത്. എന്നാല്‍ എല്ലാം തകര്‍ത്തെറിഞ്ഞ് കൃപേഷിന്റെ ചലനമറ്റ ശരീരമാണ് ആ വീട്ടിലേയ്ക്ക് അവസാനമായെത്തിയത്. ശരത് ലാലിന്റെ കാര്യവും അതുപോലെ തന്നെയായിരുന്നു. ജീവിതത്തില്‍ വളരെയധികം പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം അസ്തമിച്ച് കുടുംബത്തെ കണ്ണീരിലാഴ്ത്തി എന്നന്നേയ്ക്കുമായ് ഈ ലോകത്തോടുതന്നെ വിട പറഞ്ഞു. ഈ ഹീനക്രൃത്യം നടപ്പാക്കിയതും ഒരു കൂട്ടം യുവാക്കള്‍ തന്നെ. കൊടുവാളുമായി ഹീനക്രൃത്യങ്ങള് ചെയ്തു കൂട്ടുമ്പോള്‍ എന്തുകൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അവരും ആലോചിക്കുന്നില്ല.
ഒന്നോര്‍ക്കുക മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് കുറ്റകൃത്യങ്ങളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഒന്നോര്‍ക്കുക നഷ്ടം എന്നും അവനവനു മാത്രമായിരിക്കും. മരണപ്പെട്ടാല്‍ അവനെ രക്തസാക്ഷിയാക്കും പാര്‍ട്ടി പാതാക പുതപ്പിച്ച് നാടുനീളെ വിലാപയാത്ര നടത്തി അവസാനം ചിതയില്‍ എരിഞ്ഞടങ്ങുമ്പോള്‍ വിങ്ങിപ്പൊട്ടും. പിന്നീട് എല്ലാരും എല്ലാം മറക്കും, നാളെ നിങ്ങളുടെ സ്ഥാനത്ത് മറ്റൊരാള്‍ അത്രമാത്രം. എന്നാല്‍ മരണം വരെ മാതാപിതാക്കള്‍ക്കും തീരാ നഷ്ടവും വേദനയും മാത്രമായിരിക്കും. ആത്മാവ് എന്നതുണ്ടെങ്കില്‍ അതിനോട് സംസാരിക്കാന്‍ കഴിയുമെങ്കില്‍ അക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍ പറയും ഞങ്ങള്‍ക്ക് വന്ന സ്ഥിതി വരരുത് എന്നേ അവര്‍ പറയൂ. കാലം എത്രമുന്നോട്ട് പോയാലും രാഷ്ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നിടത്തോളം കാലം കുറേയേറെ യുവാക്കള്‍ രക്തസാക്ഷികളാവുകയും കുറേയേറെപ്പേര്‍ ജയില്പ്പുള്ളികളാവുകയും ചെയ്യും.